തിരുവനന്തപുരം: കാലവർഷത്തെ തുടർന്ന് ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതോടെ ഭീതിയുടെ നിഴലിലാണ് തീരദേശവാസികൾ. തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളുടെ തീരപ്രദേശത്താണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിൽ 143 കുടുംബങ്ങളിലെ 603 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പുകളുടെ മേൽനോട്ടത്തിനായി ചാർജ് ഓഫീസർമാരെയും ജില്ലാഭരണകൂടം നിയോഗിച്ചു. വലിയതുറയിൽ തുടർച്ചയായ മൂന്നാം ദിവസവും കടലാക്രമണം തുടരുകയാണ്. വീടുകളിൽ വെള്ളം കയറിയതിനാൽ അവിടങ്ങളിലുള്ള 80 ഓളംപേർ സ്ഥലത്തെ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലേക്ക് മാറി. പലരും ഒറ്റമുറിയിൽ തറയിൽ പായ വിരിച്ചാണ് കിടക്കുന്നത്. തങ്ങൾക്ക് മതിയായ സൗകര്യം ഒരുക്കി നൽകിയില്ലെന്ന് ഇവർ പരാതിപ്പെട്ടു. വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് രണ്ട് മാസമായി പള്ളി ഗോഡൗണിൽ കഴിയുന്നവരുമുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ
കടൽക്ഷോഭ മേഖലകളിൽനിന്ന് 143 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വലിയതുറ ബഡ്‌സ് സ്‌കൂളിൽ 16 കുടുംബങ്ങളിലെ 58 പേരെ പാർപ്പിച്ചിട്ടുണ്ട്. വലിയതുറ ഗവൺമെന്റ് യു.പി സ്കൂളിലെ ക്യാമ്പിൽ 65 കുടുംബങ്ങളിലെ 282 പേരും ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളിൽ ഒരു കുടുംബത്തിലെ മൂന്നു പേരുമുണ്ട്. വലിയതുറ ഫിഷറീസ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പിൽ എട്ട് കുടുംബങ്ങളിലായി 32 പേരെ പാർപ്പിച്ചിട്ടുണ്ട്. നേരത്തെ ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. പുതുതായി ഇവിടേക്ക് മാറ്റിയവരടക്കം ആകെ 27 കുടുംബങ്ങളിലെ 109 പേരാണ് ഈ ക്യാമ്പിലുള്ളത്. പേട്ട സെന്റ് റോച്ചസ് സ്‌കൂളിലെ ക്യാമ്പിൽ 30 കുടുംബങ്ങളിലെ 148 പേരും വെട്ടുകാട് സെന്റ് മേരീസ് എൽ.പി സ്കൂളിലെ ക്യാമ്പിൽ 23 കുടുംബങ്ങളിലെ 80 പേരും കഴിയുന്നുണ്ട്.
ജാഗ്രതൈ
കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശംഖുംമുഖവും തകർന്നു
കഴിഞ്ഞ നാല് ദിവസമായുള്ള കടൽക്ഷോഭത്തെ തുടർന്ന് ശംഖുംമുഖത്തെ 15 മീറ്ററോളം കര കടലെടുത്തു കഴിഞ്ഞു. ശംഖുംമുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് ഇപ്പോൾ കൽമണ്ഡപത്തിൽ നിന്ന് മാത്രമാണ് കടൽ കാണാനാകുന്നത്. ഒരു വർഷത്തിനിടെ ഏതാണ്ട് നൂറ് മീറ്ററോളം കര കടലെടുത്തുകഴിഞ്ഞു. സംരക്ഷണഭിത്തികളും തകർന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് സന്ദർശർകർക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഒരു വർഷം മുമ്പ് തകർന്ന ശംഖുംമുഖം റോഡ് കടലാക്രമണത്തെ തുടർന്ന് കൂടുതൽ അപകടാവസ്ഥയിലായി. വലിയതോപ്പ് - ലേലാ റോഡ് ഏറക്കുറെ പൂർണമായി തകർന്ന നിലയിലാണ്. നിലവിലെ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും റോഡ് പൂർണമായി കടലെടുക്കാവുന്ന സ്ഥിതിയാണ്. മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് ഈ മേഖലയിൽ കടലാക്രമണം ഉണ്ടാകുന്നത്.