dyfi

തിരുവനന്തപുരം: ഇന്ന് നടത്തുന്ന സമരത്തിന്റെ മറവിൽ തലസ്ഥാനത്തുൾപ്പെടെ കോൺഗ്രസ് കലാപത്തിന് പദ്ധതിയിടുന്നതായി ഡി.വൈ.എഫ്.ഐ ആരോപിച്ചു. കെ. സുധാകരൻ എം.പിയുടെ പരസ്യമായ യുദ്ധപ്രഖ്യാപനം ഇതിന്റെ സൂചനയാണെന്നും ‌ഡി.വൈ.എഫ്.ഐ. സെക്രട്ടറി എ.എ.റഹീം, പ്രസിഡന്റ് എസ്.സതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ നിന്നും പൊലീസിനും സ്ഥാപനങ്ങൾക്കും നേരെ അക്രമത്തിനാണ് പദ്ധതി. ഇതിനായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ ക്രിമിനലുകളെ തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കർണാടകയിലെ രാഷ്ട്രീയജാള്യതയും ദേശീയതലത്തിലെ അനാഥത്വവും മറയ്ക്കാനാണ് ആസൂത്രിതമായ സമരം നടത്തുന്നത്. നിരാഹാരം കിടക്കുന്നവരിൽ രണ്ടുപേർ കുത്തുകേസുകളിൽ പ്രതികളാണ്.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ സങ്കുചിത രാഷ്ട്രീയതാത്പര്യത്തിനായി ആയുധമാക്കുന്നതും അംഗീകരിക്കാനാകില്ല.

ആരോപണമുണ്ടായ കാലത്ത് യു.ഡി.എഫുകാരായ മൂന്ന് അംഗങ്ങൾ പി.എസ്.സിയിലുണ്ടായിരുന്നു. വാട്‌സ് ആപ്പ് ഹർത്താലിന് ശേഷം സമാനമായി അജ്ഞാതകേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത ഉപയോഗിച്ചാണ് പ്രതിപക്ഷനേതാവ് പി.എസ്. സിയെ ആക്രമിക്കുന്നത്. ഒരു മുദ്രാവാക്യവുമില്ലാത്ത സമരത്തിനായി കോൺഗ്രസ് ഇറക്കവിട്ട ക്രിമിനൽ സംഘത്തെ പിൻവലിക്കണമെന്നും ഡി. വൈ. എഫ്. ഐ. നേതാക്കൾ ആവശ്യപ്പെട്ടു.