എല്ലാവരും ജീവിതത്തിൽ വലിയവരായിത്തീരാൻ ആഗ്രഹിക്കുന്നവരാണ്. ചെറിയ ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് വലിയ ക്ലാസിൽ പഠിക്കാനും ചെറിയ ഉദ്യോഗത്തിലിരിക്കുന്ന ഒരുവനു വലിയ ഉദ്യോഗത്തിലെത്താനും ചെറിയ സ്ഥാനമാനങ്ങൾ വഹിക്കുന്ന ഒരാൾക്കു വലിയ സ്ഥാനമാനങ്ങൾ വഹിക്കാനും ആഗ്രഹമുണ്ടാവുക സ്വാഭാവികമാണ്. ഈ ആഗ്രഹങ്ങളൊക്കെ യാഥാർത്ഥ്യമായിത്തീരണമെങ്കിൽ അക്ഷീണമായ പരിശ്രമവും കൃത്യനിഷ്ഠയും സാമർത്ഥ്യവും ആവശ്യമാണ്. ഇങ്ങനെ വലിയ പ്രയത്നം ചെയ്ത് ഒരാൾ വലിയവനായിത്തീരുന്നത് എന്തിനു വേണ്ടിയാണ്? സമൂഹത്തിൽ വിലയുള്ളവനായിത്തീരാനും മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളും സൗകര്യങ്ങളും ഉണ്ടാകുന്നതിനും ജീവിതം സന്തോഷപ്രദമാകുന്നതിനും അധികാരം കൈയാളുന്നതിനും ഒക്കെയാണ്. പക്ഷേ ഇതെല്ലാം ഒരുതരത്തിൽ ഒരുവന്റെ വ്യക്തിപരമായ നേട്ടത്തിന്റെ സൂചികകളാണ്. അതിനാൽ ഇത്തരം വലുതാകലുകൾ സ്വാഭാവികമായ വളർച്ചയുടെ ഒരു ഭാഗം മാത്രമാണ്. അതിനപ്പുറം അതിനൊരു മഹത്വം കല്പിക്കാനില്ല. എന്നാൽ ദൈവം മനുഷ്യനെ ഭൂമിയിലേക്കയച്ചിരിക്കുന്നത് ഇത്തരം സ്വാഭാവികമായ വളർച്ച കൊണ്ട് വലിയവനായിത്തീരാനല്ല. മറിച്ച് മഹത്വമുള്ളവനായിത്തീരാനും മഹത്വപൂർണമായ ജീവിതം പൂർത്തിയാക്കാനും വേണ്ടിയാണ്. അത് വിദ്യാഭ്യാസപുരോഗതി കൊണ്ടോ ഉദ്യോഗക്കയറ്റം കൊണ്ടോ സ്ഥാനമാനങ്ങളുടെ ഉയർച്ച കൊണ്ടോ സമ്പത്തും അധികാരവും ഉള്ളതുകൊണ്ടോ മാത്രം കൈവരിക്കാവുന്നതല്ല. ഒരു നീർച്ചാലൊഴുകി പുഴയിലേക്ക് ചേർന്നാൽ പിന്നെ അതുവരെ ഒഴുകിയ നീർച്ചാൽ മറയുകയും അതൊരു പുഴയായി രൂപാന്തരപ്പെടുകയും ചെയ്യുന്നതു പോലെയാവണം നമ്മുടെ വലുതാകലുകൾ. അതായത് മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനും പശ്ചാത്തലമായോ ഹേതുവായോ സ്വജീവിതം മാറുമ്പോഴാണു ഒരുവൻ വലിയവനായിത്തീരുന്നത്. ഈയർത്ഥത്തിൽ വലിയവരായിത്തീരാനാണ് നാമോരോരുത്തരും ആഗ്രഹിക്കേണ്ടത്. സമ്പത്തിലോ മറ്റ് രംഗങ്ങളിലോ ഉള്ള വ്യക്തിഗതനേട്ടത്തിനായി വലിയവനാകാൻ പ്രയത്നിക്കുന്നവൻ വാസ്തവത്തിൽ വലുതാകലിനേക്കാൾ ചെറുതാകലിനു വിധേയനായിത്തീരുകയാണ്.
നമുക്ക് ഈശ്വരൻ രണ്ട് കാതുകൾ തന്നിരിക്കുന്നത് എന്തിനാണ്? ശബ്ദം കേൾക്കാൻ വേണ്ടിയാണെന്നാണ് നമ്മുടെ പൊതുധാരണ. എന്നാലത് പൂർണമായും ശരിയല്ലെന്നറിയണം. എന്തുകൊണ്ടെന്നാൽ നിശബ്ദതയെ തിരിച്ചറിയാൻ കൂടിയുള്ളതാണ് കാതുകൾ. അതുപോലെ ഈശ്വരൻ നമുക്ക് രണ്ട് കൈകൾ തന്നിരിക്കുന്നത് എന്തിനാണ്? നമുക്ക് ആവശ്യമായതിനെ യഥേഷ്ടം എടുക്കുന്നതിനു വേണ്ടിയാണെന്നാണു അധികമാളുകളും ധരിച്ചുവച്ചിരിക്കുന്നത്. പക്ഷേ അതിൽ ശരിയധികമില്ലെന്നറിയണം. എന്തെന്നാൽ എടുക്കുന്നതുപോലെ തന്നെ കൊടുക്കുന്നതിനു കൂടിയുള്ളതാണു കൈകൾ.
ഓരോ ജന്മത്തിനു പിന്നിലും ഓരോ ഈശ്വരേച്ഛയുണ്ട്. ആ ഈശ്വരേച്ഛയെ തിരിച്ചറിയുന്നതാണു ജ്ഞാനം. ആ ജ്ഞാനത്തിലേക്കുയരാൻ നമുക്കാവണം. അതിനു ബുദ്ധിയും ചിന്തയും സാധനാനുഷ്ഠാനങ്ങളും മാത്രം മതിയാവുകയില്ല. പിന്നെയോ? ശുദ്ധമായ, പവിത്രമായ, നിരുപാധികമായ സ്നേഹം കൂടി വേണം. ജലത്തിനു ഇരിക്കാനുള്ള പാത്രം പോലെയാണ് ജ്ഞാനത്തിനു ഇരിക്കാനുള്ള സ്നേഹം. അതായത് സ്നേഹമില്ലാതെ ജ്ഞാനത്തിനു അതുമാത്രമായി നിലകൊള്ളുകയെന്നത് പ്രയാസമെന്നർത്ഥം. എന്നുപറഞ്ഞാൽ പ്രാണനില്ലാതെ ഒരു ജീവശരീരത്തിന് എപ്രകാരമാണോ നിലനിൽക്കാനാവാത്തത് അപ്രകാരമാണ് സ്നേഹമില്ലാതെ ജ്ഞാനത്തിനും നിലനില്ക്കാനാവാത്തത്.
ഈ പരിശുദ്ധ സ്നേഹമാണ് നമ്മുടെ പ്രാണന്റെ ഉള്ളടക്കമായി ഈശ്വരൻ കരുതിവച്ചിരിക്കുന്നത്. അതിനാൽ സ്നേഹമാകുന്ന ഉള്ളടക്കത്താൽ വേണം നമ്മൾ ഏതുരംഗത്തും വലിയവരാകേണ്ടത്. അതിനു നിയമങ്ങളോ നിബന്ധനകളോ ഇല്ല. യാതൊരു ഉപാധികളും കൂടാതെ നമുക്ക് മറ്റൊരുവന് അളവില്ലാതെ കൊടുക്കാൻ സ്നേഹം മാത്രമേയുള്ളൂ. സ്നേഹത്തിൽ നിന്നാണു ത്യാഗവും നന്മയും ക്ഷേമവും ഐശ്വര്യവും അഭ്യുന്നതിയുമെല്ലാം പൂത്തുലയുന്നത്. സ്നേഹം കൊടുക്കാതെ മറ്റെന്ത് കൊടുത്താലും അതൊരു കൊടുക്കലല്ല. അതുപോലെ തന്നെ സ്നേഹത്താലല്ലാതെ മറ്റെന്ത് എടുത്താലും അതൊരു എടുക്കലുമല്ല. സ്നേഹമില്ലാതായാൽ മനുഷ്യന്റെ ശരീരം വെറുമൊരു എല്ലിൻകൂടു മാത്രമായി പരിണമിക്കും. ഈ സത്യത്തെ ഓർമ്മപ്പെടുത്തുന്നതിനായിട്ടാണു തിരുവള്ളുവർ,
ഉള്ളിലൻപുള്ള മെയ്യുയിർമെയ്യതല്ലാത്തത്
എല്ലിൻമേൽ തോൽ ചേർത്ത രൂപം
എന്ന് തിരുക്കുറളിലൂടെയും
അരുളില്ലയതെങ്കിലസ്ഥിതോൽ
സിര നാറുന്നൊരുടമ്പു താനവൻ
എന്നു ഗുരുദേവതൃപ്പാദങ്ങൾ അനുകമ്പാദശകത്തിലൂടെയും വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സ്നേഹത്തിന്റെ ഉള്ളമില്ലാത്ത ശരീരം കൊണ്ടും ഉപാധികൾ കൊണ്ടും നിയമങ്ങൾ കൊണ്ടും എല്ലാവരും ലോകത്തെ നന്നാക്കാൻ പരിശ്രമിക്കുന്നതായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് എന്തെല്ലാം കൊടുത്താലും എടുത്താലും അതെല്ലാം പൂർണഫലപ്രാപ്തിയിലെത്താതെ വെള്ളത്തിലിട്ട വരപോലെ നിഷ്ഫലമായി പരിണമിക്കുന്നത്. അതിനാൽ നേട്ടം കൊണ്ടല്ല നേയം (സ്നേഹം) കൊണ്ടാണ് നാം വലിയവരാകേണ്ടത് എന്ന തത്വം ഹൃദയത്തിൽ പതിപ്പിക്കണം.
ഈശ്വരീയമായ ഈ മഹാസന്ദേശത്തിന്റെ ഉദ്ഗാനമാണ് ,
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം എന്ന ഗുരുവരുൾ.
അരുൾ, അൻപ്, അനുകമ്പ ഇവ മൂന്നിന്റെയും ഉള്ളടക്കമായിരിക്കുന്നത് ഒരേ പൊരുളാണ്. ആ പൊരുൾ തന്നെയാണ് ജീവന്റെ തോണിയായിരിക്കുന്നതും. ഈ ധ്യാനാമൃതം കൊണ്ട് വലിയവരായിത്തീരാൻ ഏവർക്കും സാധിക്കട്ടെയെന്നാണ് പ്രാർത്ഥന.