നെടുമങ്ങാട്: പിതൃതർപ്പണം നടത്താൻ അരുവിക്കരയിൽ എത്തുന്നവരുടെ ക്ഷമ പരീക്ഷിക്കുകയാണ് ഇക്കുറിയും അധികൃതർ. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, കാടുകയറിയ ഉദ്യാനം, ഇരുൾമൂടിയ ഇടവഴികൾ. 26 മുതൽ 31 വരെ കാർഷിക വ്യാവസായിക പ്രദർശന മേളയ്ക്ക് ഡാം സൈറ്റ് വേദിയാകാനിരിക്കെ, എല്ലാം പതിവ് കാഴ്ചകൾ. ഇവിടെ നടക്കാനിരിക്കുന്ന പ്രദർശന മേളകളിൽ പങ്കെടുക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകരെത്തും. ബലിതർപ്പണത്തിനും വൻ തിരക്കാവും അനുഭവപ്പെടുക. സർക്കാർ ഫണ്ട് വിനിയോഗിച്ച് ഡാം സൈറ്റിൽ നിർമ്മിച്ച ബലിമണ്ഡപത്തിന് പുറമെ, പൊലീസ് സ്റ്റേഷന് സമീപത്തായി ഗ്രാമപഞ്ചായത്തും ഒരു ബലിക്കടവ് ഒരുക്കിയിട്ടുണ്ട്. എന്നാൽ, സന്ദർശകരുടെ സുരക്ഷയ്ക്ക് യാതൊരു ക്രമീകരണവും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. വിനോദ സഞ്ചാര സാദ്ധ്യത കൂടി കണക്കിലെടുത്ത് കുടുംബസമേതമാണ് ആളുകൾ അരുവിക്കര എത്തുന്നത്. വഴുക്കൻ പാറകളും കയങ്ങളും കൊണ്ട് നിറഞ്ഞ ആറ്റിലും ഡാം റിസർവോയറിലും അപായ സൂചന ബോർഡുകളോ, സുരക്ഷാ വേലിയോ സ്ഥാപിച്ചിട്ടില്ല.
ബലിമണ്ഡപങ്ങളിലും ഡാം സൈറ്റിലും സുരക്ഷാക്രമീകരണങ്ങളില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധു അരുവിക്കര സന്ദർശിച്ചു. തിരക്ക് നിയന്ത്രിക്കാനും ഗതാഗതം ക്രമീകരിക്കാനും കൂടുതൽ പൊലീസുകാരെ നിയോഗിക്കാൻ നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് അദ്ദേഹം നിർദേശം നൽകി.
നെടുമങ്ങാട്, വെള്ളനാട് ഭാഗങ്ങളിൽ നിന്ന് ഇവിടെയെത്താനുള്ള പ്രധാന റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വികസനത്തിന് 42 കോടി രൂപയുടെ അംഗീകാരം ലഭിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ലാൻഡ് സർവേ നടപടികൾ പോലും പൂർത്തിയാക്കാനായിട്ടില്ല. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അപകടകരമായ വളവുകൾ ഒഴിവാക്കി റോഡ് നിർമ്മിക്കുക എന്നതാണ് എസ്റ്റിമേറ്റിൽ പറയുന്നത്. പക്ഷെ, സ്ഥലം ഏറ്റെടുക്കൽ കീറാമുട്ടിയായി തുടരുകയാണ്.
പരാതി കേട്ടു മടുത്ത അരുവിക്കര ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവിൽ രണ്ടു മിനി ഹൈമാസ്റ്റ് വിളക്കുകൾ പാർക്കിലും ബലിക്കടവിലുമായി സ്ഥാപിച്ചെങ്കിലും ഉദ്‌ഘാടന മാമാങ്കത്തിനായി വൈകിക്കുകയാണ്. വൈദ്യുതി ബില്ല് ഗ്രാമപഞ്ചായത്ത് ഒടുക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി അനുവാദം നൽകിയത്. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയിലെ തർക്കമാണ് ഹൈമാസ്റ്റ് ലൈറ്റുകൾ കാഴ്ച വസ്തുവായി മാറാൻ കാരണമെന്നും ആരോപണമുണ്ട്.
ചുറ്റും കാടുമൂടിയ പാർക്ക് ഇഴജന്തുക്കളുടെ കേന്ദ്രമാണ്. വാട്ടർ ഫൗണ്ടൻ, ഊഞ്ഞാൽ, സ്ലയിസുകൾ എന്നിവയടക്കം നിരവധി കളിക്കോപ്പുകൾ പാർക്കിൽ കേടായി കിടപ്പാണ്. അറ്റകുറ്റപ്പണി നടത്താത്ത കളിക്കോപ്പുകളിലെ വിനോദം അപകടകരമാണെന്ന് സന്ദർശകർക്ക് പരാതിയുണ്ട്. എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടുവർഷം മുമ്പ് സ്ഥാപിച്ച കളിക്കോപ്പുകളാണ് ഇപ്പോഴുള്ളത്.