മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രാത്രികാല ചികിത്സ കാര്യക്ഷമമാകുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം പനിബാധിച്ചെത്തിയ രോഗിക്ക് ഒരു പാരസെറ്റമോൾ ഗുളിക നൽകിയ ശേഷം അടുത്ത ദിവസം ഒ.പിയിൽ എത്തുന്നതിന് കുറിപ്പടി നൽകി വിടുകയായിരുന്നു. മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പിനൊടുവിലാണ് ചികിത്സ ലഭ്യമാകുന്നത്. എന്നാൽ ഒരു ഗുളിക കൊണ്ട് അടുത്ത ദിവസം രാവിലെ 10വരെ രോഗി എങ്ങനെ തള്ളിനീക്കുമെന്നതിന് വ്യക്തതയില്ല. ഈ ആശുപത്രിയിൽ നൽകുന്ന സേവനത്തെ സംബന്ധിച്ച് ആരോഗ്യ വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അന്വേഷിക്കാറില്ലത്രേ. ഗവൺമെന്റിന്റെ ആർദ്രം പദ്ധതിയിലുൾപ്പെടെയുള്ള ഫണ്ടുകൾ വിനിയോഗിച്ച് യഥേഷ്ടം മരുന്ന് നൽകുന്നുണ്ട്. എന്നാൽ ഇവിടെ ചികിത്സതേടി എത്തുന്നവർക്ക് മരുന്ന് നൽകുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി ഒ.പി സമയം ഒരു ഡോക്ടറുടെ സേവനമാണ് നിലവിലുള്ളത്. മൂന്ന് ഡോക്ടർമാരുടെ സേവനം ഉണ്ടാകുമെന്നാണ് ആശുപത്രി രേഖകളിലുള്ളത്. ആശുപത്രിയുടെ ഗ്രേഡ് കൂടിയെങ്കിലും രോഗികൾക്ക് പ്രയോജനമുണ്ടാകുന്നില്ല. രാത്രിയിൽ കാലങ്ങളിൽ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയാൽ ഭൂരിഭാഗം രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. താലൂക്ക് ആശുപത്രിയെന്ന് പേരുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത ഇവിടെ ചികിത്സയും ഏതാണ്ട് നനഞ്ഞ മട്ടാണ്. ലാബ് ടെക്നീഷ്യൻ, നഴ്സിംഗ് സൂപ്രണ്ട്, നഴ്സ് തുടങ്ങിയ തസ്തികകൾ വെറുതേ കിടക്കുകയാണ്. ഹെൽത്ത് ഇൻസ്പെക്ടർ വിരമിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ ആളെ നിയമിച്ചിട്ടുമില്ല.