തിരുവനന്തപുരം: വ്യത്യസ്‌ത സംഭവങ്ങളിൽ വിദേശത്തു നിന്ന് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് സ്ത്രീകളുൾപ്പെടെ മൂന്നു പേരെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് സ്വദേശി സിയാവുദീൻ (41), തിരുവനന്തപുരം മുട്ടത്തറ സ്വദേശികളായ പ്രേമ രാമകൃഷ്ണൻ (49), ഇവരുടെ മകൾ മേഘ പത്മകുമാർ (20) എന്നിവരെയാണ് എയർകസ്റ്റംസ് പിടികൂടിയത്. ശനിയാഴ്‌ച രാവിലെ 8.30ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് എയർവേഴ്സിന്റെ ഇ.കെ 520ാം നമ്പർ വിമാനത്തിലെത്തിയ സിയാവുദീൻ ഒരു കിലോയോളം സ്വർണം ഫുഡ് മസാജറിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രി ഒന്നിന് കോലാലംപുരിൽ നിന്നെത്തിയ ഒ.ഡി 261ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്ന അമ്മയും മകളും അരക്കിലോ തൂക്കമുള്ള സ്വർണം എട്ട് വളകളായും നാല് റിംഗുകളായും രണ്ടു ചെയിനുകളുമാക്കി ഹാൻഡ് ബാഗിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്‌ണേന്ദു രാജ മിൻറ്റിയൂവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ റജീബ്, രാമലക്ഷ്മി, ശശികുമാർ, സനേവ് തോമസ്, അജിത്കുമാർ, ഇൻസ്‌പെക്ടർമാരായ അനുജി, പ്രബോദ്, വൈശാഖ്, ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.