ആറ്റിങ്ങൽ: റോഡ് തകർന്നിട്ട് വർഷം മൂന്നായി. പരാതി നൽകിയിട്ടും ആരും തിരിഞ്ഞു പോലും നോക്കുന്നില്ലെന്ന് നാട്ടുകാർ. ഇതിലൂടെ സഞ്ചരിക്കുന്ന വാഹന യാത്രക്കാരുടെ നടു ഒടിയുന്നതു തന്നെ മിച്ചം. മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കല്ലിൻ മൂട്ടിൽ നിന്നും പള്ളിയറ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ പള്ളിയറ ക്ഷേത്രത്തിന് സമീപം 300 മീറ്ററോളം വരുന്ന റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.
കുത്തനെ ഇറക്കമുള്ള ഭാഗമായതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. റോഡിൽ കട്ടറും കുഴിയും കണ്ട് വെട്ടിയൊടിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ മറിയുന്നത് സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനം മറിഞ്ഞ് പിറകിലിരുന്ന സ്ത്രിക്ക് സാരമായി പരിക്കേറ്റിരുന്നു. രണ്ട് സ്ത്രീകൾ സ്കൂട്ടറിൽ വരുമ്പോൾ ഗട്ടറിൽ തെന്നി വീണാണ് അപകടം സംഭവിച്ചത്.
മെറ്റൽ ഇളകി കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്. രോഗികളുമായി വാഹനത്തിൽ പോകുന്നവരാണ് വളരെ ബുദ്ധിമുട്ടുന്നത്. മുദാക്കൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളുടെ അതിർത്തിയാണ് ഈ റോഡ്. അതുകൊണ്ട് വാർഡ് മെമ്പർമാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്. പൊതുമരാമത്ത് വകുപ്പും ഈ റോഡിനെ കൈ ഒഴിഞ്ഞ മട്ടാണ്.