tree

വെഞ്ഞാറമൂട്: ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി റോഡിന് കുറുകെ വീണു. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പ്രദേശത്ത് രണ്ടിടങ്ങളിലാണ് മരങ്ങൾ റോഡിന് കുറുകെ വീണത്. വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെടുകയും ചെയ്തു.

3.30 ഓടെ തേമ്പാംമൂട് മൂന്നാനക്കുഴി റോഡിൽ മരം കടപുഴകി റോഡിന് മദ്ധ്യേ വീണു. വൈദ്യുതി ലൈനുകൾ പൊട്ടിവീണു കെ.എസ്.ആർ.ടി.സി ബസ് പോകുന്നതിനിടയിലായിരുന്നു സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വൻ ദുരന്തം ഒഴിവായി. 4 ന് പേരുമല മൂഴി റോഡിൽ പ്ലാവ് കടപുഴകി വൈദ്യുതി ലൈനിൽ വീണു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്ത് എത്തി ലീഡിംഗ് ഫയർമാൻ അജിത് കുമാറിന്റെ നേതൃത്വത്തിൽ രണ്ടിടങ്ങളിലെയും മരങ്ങൾ മുറിച്ച് നീക്കി ഗതാഗതവും, വൈദ്യുതി വിതരണവും പുനസ്ഥാപിച്ചു.