mani

വർക്കല: തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30ൽപ്പരം കവർച്ചാകേസുകളിൽ പ്രതിയായ കൊട്ടിയം കൊട്ടുംപുറം ചരുവിളവീട്ടിൽ ആട്മണി എന്ന മണിയെ (43) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫാന്റം പൈലി എന്ന പ്രതിയുമായി ചേർന്ന് മൂന്ന് പോത്തുകളെയും എട്ട് ആടുകളെയും മോഷ്ടിച്ച കേസിലാണ് ആട്മണിയെ കൊട്ടിയത്തു നിന്നു അറസ്റ്റ് ചെയ്തത്. ഫാന്റംപൈലിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2000 മുതൽ 2013 വരെ കൊട്ടിയം, പുനലൂർ, പാരിപ്പളളി, പരവൂർ സ്റ്റേഷനുകളിലും തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, മംഗലപുരം, ആറ്റിങ്ങൽ, ശ്രീകാര്യം സ്റ്റേഷനുകളിലുമായി മുപ്പതോളം കവർച്ചാകേസിലും പ്രതിയാണ് മണി. 2013ൽ ആറ്റിങ്ങലിൽ അറസ്റ്റിലായ മണി ജയിൽവാസത്തിനു ശേഷം മോചിതനാവുകയും വീണ്ടും പഴയ മോഷ്ടാക്കളുമായി ചേർന്ന് മോഷണം തുടരുകയുമായിരുന്നു. 2008ൽ പുനലൂർ ഇളമ്പലുളള ഡോ. മോഹൻകുമാറിന്റെ വീട്ടിൽ നിന്നു മണിയും കൂട്ടുപ്രതിയായ ചിഞ്ചിലം സുരേഷുമായി ചേർന്ന് 17 പവൻ കവർച്ച നടത്തിയ കേസ്, കൊട്ടിയം തഴുത്തല ഗണപതിവിലാസത്തിൽ രാമചന്ദ്രന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണം മോഷ്ടിച്ച കേസ്, പരവൂർ പൂതക്കുളം ലലാവിലാസത്തിൽ ജാനകിഅമ്മയുടെ വീട്ടിൽ നിന്നു 16 പവൻ മോഷ്ടിച്ച കേസ്, പാരിപ്പളളി കുളമട ശ്രീധരവിലാസത്തിൽ ജയകുമാറിന്റെ വീട്ടിൽ നിന്നു 22 പവൻ സ്വർണം മോഷ്ടിച്ച കേസ്, കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ കവർച്ച നടത്തിയ കേസ്, 2013ൽ ആറ്റിങ്ങൽ അവനവഞ്ചേരി ഗണേശ വിലാസത്തിൽ സഹദേവന്റെ വീട്ടിൽ നിന്നു 18 പവൻ സ്വർണം മോഷ്ടിച്ച കേസ്, ആറ്റിങ്ങൽ ഊരുപൊയ്ക ക്ഷേത്രത്തിലെ കവർച്ച കേസ്, ചിറയിൻകീഴ് അഴൂർ മാധവവിലാസത്തിൽ ജഗദീഷിന്റെ വീട്ടിൽ നിന്നു 15 പവൻ സ്വർണം മോഷ്ടിച്ച കേസ്, മംഗലപുരം സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ നൽകി ലീലാകുമാരി എന്ന സ്ത്രീ താമസിച്ചിരുന്ന വീട് ഒഴിപ്പിച്ച കേസ്, സ്ത്രീകളെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ആറ്റിങ്ങൽ, പുനലൂർ, പരവൂർ കോടതികളിലും തിരുവനന്തപുരം ജില്ലാ കോടതിയിലും മണിക്ക് നിരവധി വാറണ്ടുകളും നിലവിലുണ്ട്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ മോഷ്ടിക്കാൻ കയറുന്ന സമയം അവരെ ഉപദ്രവിക്കുന്നതും പതിവാണ്. ഫാന്റം പൈലിയുമായി ചേർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്റ്റേഷൻ പരിധികളിൽ നിന്നു നിരവധി കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചി വ്യാപാരികൾക്ക് വില്പന നടത്തുകയും ചെയ്തിരുന്നു. റൂറൽ എസ്.പി പി.കെ.മധുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല സർക്കിൾ ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ മാരായ ശ്യാംജി, ചന്ദ്രബാബു, എസ്.സി.പി.ഒ മാരായ നസറുളള, ജയപ്രസാദ്, സി.പി.ഒ മാരായ അൻസാർ, ജിജിൻ എന്നിവരുൾപ്പെട്ട സംഘമാണ് മണിയെ കൊട്ടിയത്തു നിന്നു അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.