-heavy-rain

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ശക്തി പ്രാപിച്ച കാലവർഷത്തിന് തെക്കൻ ജില്ലകളിൽ നേരിയ ശമനം. വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. തലസ്ഥാന ജില്ലയിൽ കാര്യമായ മഴയുണ്ടായില്ലെങ്കിലും തീരപ്രദേശങ്ങളിൽ കടലാക്രമണം തുടരുകയാണ്. ഇടുക്കി,​ കോഴിക്കോട് കണ്ണൂർ,​ കാസർകോട്,​ വയനാട് ജില്ലകളിൽ 23 വരെ റെഡ് അലർട്ടാണ്.

ബുധനാഴ്ച വരെ പരക്കെ മഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 20 സെന്റീമീറ്ററിലധികം മഴ പെയ്യും. 22 വരെ ആറു ജില്ലകളിൽ റെഡ് അലർട്ടും 24 വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. സർക്കാർ വകുപ്പുകളോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്കുതല കൺട്രോൾ റൂമുകൾ ആരംഭിക്കാനും ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശിച്ചു.

കൊല്ലം നീണ്ടകരയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തമിഴ്‌നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് അഞ്ചുതെങ്ങ് തീരത്ത് കണ്ടെത്തിയത്.

ഇവർക്കൊപ്പമുണ്ടായിരുന്ന കന്യാകുമാരി നീരോടി സ്വദേശികളായ രാജു, ജോൺ ബോസ്‌കോ എന്നിവരെയാണ് കണ്ടെത്താനുള്ളത്. വടക്കൻ ജില്ലകളിൽ കാസർകോടാണ് അതിശക്തമായി മഴ പെയ്യുന്നത്. ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മധുർ മേഖലയിൽ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാഞ്ഞങ്ങാട്,​ നീലേശ്വരം,ചെറുവത്തൂർ മേഖലയിലും കനത്ത മഴയാണ്. കാഞ്ഞങ്ങാട്ടും കിനാലൂരിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ട്. കോഴിക്കോട്ടും മഴ തുടരുകയാണ്.

ജില്ലാഭരണകൂടം അതീവ ജാഗ്രതയിലാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ള മേഖലകളിൽ റവന്യൂ വകുപ്പ് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. കക്കയം അണക്കെട്ട് പരിസരത്തേക്ക് സഞ്ചാരികളെ വിലക്കി. ഇടുക്കി ജില്ലയിലെ മലയോരങ്ങളിലും മഴ ശക്തമായി. കല്ലാർ അണക്കെട്ട് ഇന്നലെ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ജലനിരപ്പ് ഉയരാത്തതിനാൽ തുറന്നില്ല. ഇന്ന് ഡാമിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷം വീണ്ടും മുന്നറിയിപ്പ് നൽകും. പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ ഉയർത്തിയതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് രണ്ടടി വരെ ഉയരാമെന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡാമുകളിൽ വെള്ളം പകുതി പോലുമായില്ല
കാലവർഷം കനത്തിട്ടും ഡാമുകളിൽ സംഭരണശേഷിയുടെ പകുതി പോലും ജലമായില്ല. ഇടുക്കി അണക്കെട്ടിൽ 16% ശതമാനം ജലം മാത്രമെയുള്ളൂ. 10 ദിവസം മുമ്പ് ഇത് 13 ശതമാനമായിരുന്നു. കെ.എസ്.ഇ.ബി.യുടെ മൂന്ന് അണക്കെട്ടുകളിൽ മാത്രമാണ് സംഭരണശേഷിയുടെ 50 ശതമാനത്തിന് മുകളിൽ വെള്ളമുള്ളത്. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ പകുതി ജലമെത്തിയത് നാലെണ്ണത്തിൽ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ എല്ലാ അണക്കെട്ടുകളിലുമായി സംഭരണ ശേഷിയുടെ 16% വെള്ളമാണുള്ളതെന്നും മഴ ശക്തിപ്പെടുന്നതു ഡാമുകളിലെ നീരൊഴുക്കു കൂട്ടുമെന്നും സെൻട്രൽ വാട്ടർ കമ്മിഷൻ പറയുന്നു.