coconut

തിരുവനന്തപുരം: പച്ചത്തേങ്ങാ സംഭരണ പദ്ധതി പുനഃരാരംഭിക്കുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. എഫ്.എ.ക്യു നിലവാരമുള്ള കൊപ്രയുണ്ടാക്കി കേരഫെഡിന് നൽകുന്നതിന് അനുയോജ്യമായ നാളികേരമായിരിക്കും കർഷകരിൽ നിന്ന് സംഭരിക്കുക. നാളികേരം കൊപ്രയാക്കി 30 ദിവസത്തിനകം അംഗീകാരമുള്ള ഏജൻസികൾ കേരഫെഡ് ഫാക്‌ടറികളിലെത്തിക്കണം. സംഭരിക്കുന്ന നാളികേരത്തിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകും. തൊണ്ടുകളഞ്ഞ ഉരുളൻ പച്ചത്തേങ്ങ കിലോയ്‌ക്ക് 27 രൂപയ്‌ക്ക് സംഭരിക്കും.

നാളികേരത്തിന്റെയും കൊപ്രയുടേയും അതത് ദിവസത്തെ വിലയും സ്റ്റോക്കും ദിവസവും വൈകിട്ട് നാലിന് മുമ്പ് ഏജൻസി ഇ - മെയിൽ സന്ദേശമായി എത്തിക്കണം. പച്ചത്തേങ്ങ വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ കർഷകർ തങ്ങളുടെ വാർഷിക ഉത്പാദനം സംബന്ധിച്ച സാക്ഷ്യപത്രം നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. തെങ്ങ് ഒന്നിന് 50 നാളികേരമേ സംഭരിക്കൂ.

സംഭരണ സംസ്‌കരണ ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല പ്രത്യേക സമിതിക്കാണ്. നാളികേരം ഉണക്കുന്നതിന് ഡ്രയറുള്ള സ്ഥാപനങ്ങൾക്കാണ് മുൻഗണന.

സംഭരണത്തിനുള്ള സ്രേററ്റ് ലെവൽ ഏജൻസിയായി കേരഫെഡിനെയും കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കേര ഫെഡിൽ നിന്ന് കൊപ്ര സംഭരിക്കുന്നതിന് നാഫെഡിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് പച്ചത്തേങ്ങാ സംഭരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തത്.

സംഭരണ വില ഇങ്ങനെ

 തൊണ്ടുകളഞ്ഞ ഉരുളൻ പച്ചത്തേങ്ങ കിലോയ്‌ക്ക് - 27 രൂപ

 നാളികേരം കൊപ്രയാക്കി നൽകേണ്ടത് - 30 ദിവസത്തിനകം

 സംഭരിക്കുന്നത് തെങ്ങ് ഒന്നിന് 50 നാളികേരം

 പണം കർഷകരുടെ അക്കൗണ്ടിൽ നേരിട്ടെത്തും

 കർഷകർ വാർഷിക ഉത്പാദനം സംബന്ധിച്ച സാക്ഷ്യപത്രം നൽകണം