തിരുവനന്തപുരം: കെ.എസ്.യുവിന്റെ സമരപ്പന്തലിൽ മുദ്രാവാക്യം വിളിക്കുന്നത് മീൻവില്പനക്കാരും വക്കീലന്മാരുമാണെന്ന എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ പരാമർശത്തിൽ കെ.പി.സി.സിയും മുതിർന്ന നേതാക്കളും പ്രതിഷേധം കടുപ്പിച്ചു. വിവാദ പരാമർശത്തിലൂടെ മത്സ്യത്തൊഴിലാളികളെ അപമാനിച്ച വിജയരാഘവൻ മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, വിവരമില്ലാത്ത വിജയരാഘവന്റെ നാവടപ്പിക്കാൻ അറിയാമെന്ന് കെ.സുധാകരൻ എം.പിയും പ്രതികരിച്ചു.
കെ.എസ്.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ പൊലീസിന് ശക്തമായ തിരിച്ചടിയുണ്ടാകും. കാക്കി ഊരിയാൽ പൊലീസ് സാധാരണ മനുഷ്യരാണെന്ന് ഓർക്കണം. എവിടെവച്ചും കൈകാര്യം ചെയ്യാൻ കെ.എസ്.യുവിന്റെ കുട്ടികൾക്കറിയാം. മാദ്ധ്യമങ്ങളെ സാക്ഷിയാക്കിയാണ് ഇതു പറയുന്നതെന്നും സുധാകരൻ പറഞ്ഞു.
കെ.എസ്.യുവിന്റെ സമരത്തിൽ പങ്കെടുക്കാനെത്തുന്ന ജനവിഭാഗങ്ങളിൽ മീൻകച്ചവടക്കാരുണ്ടെങ്കിൽ കോൺഗ്രസിന് അത് അഭിമാനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. തൊഴിലാളിവർഗ പാർട്ടിയെന്ന് നടിക്കുകയും തൊഴിലാളിവർഗത്തിന്റെ ചോരകുടിച്ച് ചീർക്കുകയും ചെയ്ത സി.പി.എമ്മിന് എപ്പോഴാണ് തീരവാസികൾ കൊള്ളരുതാത്തവർ ആയതെന്ന് മുല്ലപ്പള്ളിചോദിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എസ്.യുവിന്റെ സമരപ്പന്തലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
അതിനിടെ, കണ്ണുരുട്ടുമ്പോൾ മുട്ടിലിഴയാൻ ഞങ്ങൾ പിണറായി വിലാസം ഫാൻസ് അസോസിയേഷനല്ലെന്ന് കെ.എസ്.യു പ്രസിഡന്റ് കെ.എം.അഭിജിത്ത് പ്രതികരിച്ചു. യൂണിറ്റ് ഭാരവാഹിയായ ക്രിമിനൽ നേതാവ് സംഘടനയിലെ സഹപ്രവർത്തകനെ കുത്തിവീഴ്ത്തിയതിനെ വെറും അടിപിടിയായി ലളിതവത്കരിച്ച വിജരാഘവനോട് സഹതാപം മാത്രമാണെന്നും അഭിജിത്ത് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിൻതുണയുമായി രാവിലെ 11.30 നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ വി.എസ് ശിവകുമാർ, എം.വിൻസെന്റ് എന്നിവർക്കു പുറമേ തമ്പാനൂർ രവി, ടി ശരത്ചന്ദ്രപ്രസാദ് തുടങ്ങി നിരവധി മുതിർന്ന നേതാക്കളും ഇന്നലെ സമരപ്പന്തലിലെത്തി.
.