pinarayi-vijayan

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവർക്ക് എന്തിനാണ് സമരമെന്ന് അറിയില്ലെന്നും, കോളേജ് അവിടെനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിന്റെ ഫേസ്ബുക് പേജിൽ ജനങ്ങളുടെ സംശയങ്ങൾക്ക് തത്സമയം മറുപടി പറയുന്ന പംക്തിയിലാണ് പിണറായിയുടെ പ്രതികരണം.

നടക്കരുതാത്തതാണ് യൂണിവേഴ്സിറ്റി കോളേജിൽ നടന്നത്. അതിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, കോളേജ് മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചിലർ സമരം നടത്തുന്നതെങ്കിൽ അവരുടെ ഉദ്ദേശ്യം നടക്കില്ല. യൂണിവേഴ്സിറ്റി കോളേജ് അവിടെത്തന്നെ ഉണ്ടാകും. കോളേജിനെ കൂടുതൽ പ്രശസ്തിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും.

സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയും മാദ്ധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു. പലരും പച്ചനുണകളാണ് പ്രചരിപ്പിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. ഇതിനെതിരെ ശക്തമായ പ്രചാരണം ഉയർത്തിക്കൊണ്ടുവരുമെന്ന് പിണറായി പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്നു മാസത്തിനകം തീർപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് അനുമതി കിട്ടിയാലുടൻ കേരള ബാങ്ക് യാഥാർത്ഥ്യമാകും. പങ്കാളിത്ത പെൻഷൻ പരിശോധിക്കാനുള്ള കമ്മിഷൻ നടപടികൾ പുരോഗമിക്കുകയാണ്. ചില വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ തകർക്കാനുള്ള നിലപാടുകൾക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്നത് ധാർഷ്ട്യമാണെങ്കിൽ അത് തുടരുമെന്നും പിണറായി വ്യക്തമാക്കി.