തിരുവനന്തപുരം: 'നമസ്കാരം ആകാശവാണി, തിരുവനന്തപുരം ആലപ്പുഴ, അടുത്തതായി ചലച്ചിത്ര ശബ്ദരേഖ ഭാർഗവീനിലയം' റേഡിയോയിലൂടെ ആ ശബ്ദം വീണ്ടും കേട്ടപ്പോൾ സദസിലിരുന്നവർ പഴയകാലത്തേക്ക് പോയി.’ഭാർഗവീനിലയം’ എന്ന ചിത്രത്തിലെ ഭാർഗവി എന്ന യക്ഷിക്ക് ശബ്ദം നൽകിയ സി.എസ്. സുഭദ്രാമ്മയെ ആദരിക്കുന്ന ചടങ്ങിലാണ് ഈ അപൂർവ അനുഭവം. 55 വർഷം പിന്നിട്ട ഭാർഗവി നിലയത്തിൽ കണ്ട നായിക വിജയനിർമ്മലയായിരുന്നുവെങ്കിലും ശബ്ദം സി.എസ്.സുഭദ്രാമ്മയുടേതായിരുന്നു. പഴയ റേഡിയോയുടെ നോബ് തിരിച്ച് ഓൺ ചെയ്തതും സുഭദ്രാമ്മയായിരുന്നു.ചിത്രത്തിലെ 'താമസമെന്തേ വരുവാൻ...' എന്ന ഗാനത്തോടെയാണ് ശബ്ദരേഖ ആരംഭിച്ചത്. പ്രേംനസീർ സുഹൃത് സമിതിയുടെ പ്രതിമാസ സംഗമത്തിന്റെ
ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സി.എസ്. സുഭദ്രാമ്മയെ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉപഹാരം നൽകി ആദരിച്ചു.
പത്രപ്രവർത്തന രംഗത്തെ അമൂല്യമായ സംഭാവനകൾ പരിഗണിച്ച് കേരളകൗമുദിയുടെ പ്രത്യേക ലേഖകനായിരുന്ന കെ.ജി. പരമേശ്വരൻ നായരെയും ആദരിച്ചു. സി.എസ്.സുഭദ്രാമ്മയുടെ ഭർത്താവാണ് കെ.ജി.പരമേശ്വരൻ നായർ.
30 വർഷം ആകാശവാണിയിൽ കൗതുകവാർത്തകൾ ഉൾപ്പെടെ വിവിധ ജനപ്രീയ പരിപാടികളുടെ അവതാരകനായിരുന്ന എസ്.രാജശേഖരനേയും ചടങ്ങിൽ ആദരിച്ചു.സമൂഹ്യസേവനത്തിന് ശിവൻകുട്ടിക്കും പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയതിന് ഷാരിസ്താ ലത്തീഫിനും ഉപഹാരങ്ങൾ നൽകി.
സത്യൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി. കലാപ്രേമി ബഷീർ ആമുഖ പ്രഭാഷണം നടത്തി. ടി.പി.ശാസ്തമംഗലം നടിയും സംവിധായകയുമായിരുന്ന വിജയ നിർമ്മലയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് സംസാരിച്ചു.പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം.സുബൈർ, പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ഡോ.വാഴമുട്ടം ചന്ദ്രബാബു, ആർട്സ് കൺവീനർ ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിച്ചു.