neena

കുട്ടികളെപ്പോലെ കാഴ്ചകൾ കണ്ട് നഗരം ചുറ്റുന്നത് സുനിലിന് ഒരുപാട് പ്രിയമായിരുന്നു. ‌അത്തരം യാത്രകളുടെ കൂട്ടുപിടിച്ചാണ് ഞങ്ങളൊന്നിച്ചുള്ള വൈകുന്നേരങ്ങൾ പലതും. ജൂലായ് 14ന് ഞങ്ങളുടെ 11-ാം വിവാഹവാർഷികമായിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനു ശേഷം, ഒരുണർവിനായി അന്നും അത്തരമൊരു യാത്രയ്‌ക്ക് എന്നെ വിളിച്ചു. ശരീരത്തെ തോൽപ്പിക്കാൻ രോഗം ശ്രമിക്കുമ്പോഴും പണ്ട് യൂണിവേഴ്സിറ്റി കോളേജിൽ കണ്ട സമരസഖാവിന്റെ നെഞ്ചുറപ്പോടെ അദ്ദേഹമിരുന്നു.

ഞങ്ങളൊന്നിച്ച് മഴ ആസ്വദിച്ച അവസാനയാത്ര. പോങ്ങുംമൂട് പള്ളിയിൽ പോകണമെന്ന് ഞാൻ പറഞ്ഞു. സെവിൻ അച്ചൻ ഞങ്ങളെയും കാത്തു നില്പുണ്ടായിരുന്നു. പള്ളിയിലെ അവസാന ബെഞ്ചിൽ നിർവികാരനായി അൾത്താരയിലേക്കു നോക്കിയിരുന്ന സുനിലിന്റെ മുഖം എന്റെയുള്ളിൽ അതുപോലെയുണ്ട്.

ആഗസ്റ്റ് 14ന് പെരുനാളാണ്. നിങ്ങൾ ഒരുമിച്ചു വരണമെന്ന് ഫാദർ സെവിൻ. വീട്ടിലെത്തി ഒരു ദിവസം പിന്നിട്ടപ്പോൾ അദ്ദേഹത്തിന് സംസാരിക്കാനാകാതായി. കാലുകൾ ബലം താങ്ങാതെയായി. പ്രതിസന്ധികളിൽ എന്നെപ്പോലെ ഒരുപാടുപേരെ നെഞ്ചോട് ചേർത്തുപിടിച്ച കൈകൾക്ക് ബലമില്ലാതെയായി.

മകൻ ബെവനെ കാണണമെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ അവസാനയാത്രയിൽ അവനും ഒപ്പമുണ്ടായിരുന്നു. മതപരമായ ഒരു ചടങ്ങും പാടില്ലെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നെങ്കിലും യാക്കോബായ സഭയുടെ പുത്രനെന്ന നിലയിൽ ആഭിജാത്യത്തോടെ വേണം അവസാനയാത്രയെന്ന് എനിക്ക് നിർബന്ധമായിരുന്നു. മകൻ ബെവാൻ മുഖത്ത് ശോശാപ് പുതയ്‌ക്കണമെന്നും എനിക്ക് നിർബന്ധമായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ് സുനിലിനെ ആദ്യം കാണുന്നത്. ആരും ഇഷ്ടപ്പെടുന്ന നേതൃപാടവം. പ്രണയത്തിലായി ഇരുവരും. ജാതിയും മതവും വിലങ്ങുതീർത്തപ്പോൾ ഇരുവഴിക്കു പിരിഞ്ഞെങ്കിലും കാലം ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചു. കലയുടെ ലോകത്തു ജീവിച്ച എന്നെ മനുഷ്യസ്നേഹം പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. ഒരു പ്രസ്ഥാനത്തോട് ഒറ്റയ്‌ക്കു പോരാടിയ നെഞ്ചുറപ്പുള്ള സഖാവ്. തളരരുതെന്ന പാഠം അദ്ദേഹത്തിൽ നിന്ന് ഞാൻ പഠിച്ചിട്ടുണ്ട്.