indian-cricket-team-selec
indian cricket team selection

. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ

ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു

. വിരാട് കൊഹ്‌ലി തന്നെ നായകൻ

മുംബയ് : രണ്ടുമാസത്തേക്ക് സൈനിക പരിശീലനത്തിനായി വിട്ടുനിൽക്കുകയാണെന്ന് ധോണി അറിയിച്ചതോടെ സമ്മർദ്ദം ഒഴിവായ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ഇന്നലെ വലിയ അത്‌ഭുതങ്ങളാെന്നുമില്ലതെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റുകളിലും വിരാട് കൊഹ്‌ലി തന്നെ ഇന്ത്യയെ നയിക്കും. ടെസ്റ്റിൽ അജിങ്ക്യ രഹാനെ ഉപനായകനാകുമ്പോൾ ഏകദിനത്തിലും ട്വന്റി 20യിലും രോഹിത് ശർമ്മയാണ് വൈസ് ക്യാപ്ടൻ.

പേസർ ജസ്‌പ്രീത് ബുംറയ്ക്ക് ഏകദിന, ട്വന്റി 20 കളിൽ വിശ്രമം അനുവദിച്ചു. ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് മൂന്ന് ഫോർമാറ്റുകളിലും വിശ്രമമാണ്. വർക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ഇരുവർക്കും വിശ്രമം അനുവദിച്ചതെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് അറിയിച്ചു.

ലോകകപ്പിൽ ആസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റ ശിഖർധവാൻ ഏകദിന ട്വന്റി 20 ടീമുകളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതേസമയം ലോകകപ്പിനിടെ പരിക്കേറ്റ ആൾ റൗണ്ടർ വിജയ് ശങ്കറിന് ഒരു ടീമിലേക്കും മടങ്ങിയെത്താനായില്ല.

ലോകകപ്പ് ടീമിൽ രണ്ടാംവിക്കറ്റ് കീപ്പറായി ഉണ്ടായിരുന്ന ദിനേഷ് കാർത്തികിനെയും എവിടെയും ഉൾപ്പെടുത്തിയിട്ടില്ല.

ലോകകപ്പിലെ റൺവേട്ടക്കാരൻ രോഹിത് ശർമ്മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

ഏകദിന ടീമിൽ യുവതാരങ്ങളായ ശ്രേയസ് അയ്യർ,​ മനീഷ പാണ്ഡെ, നവ്‌ദീപ് സെയ്നി,​ ഖലീൽ അഹമ്മദ് എന്നിവരെ ഉൾപ്പെടുത്തി ലോകകപ്പിൽ വിജയ് ശങ്കറിന് പകരക്കാരനായി വിളിക്കപ്പെട്ടിരുന്ന മായാങ്ക അഗർവാളിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ടെസ്റ്റ് ടീമിലെ സ്ഥാനം മായാങ്ക് നിലനിറുത്തി. ഹനുമവിഹാരിയും ടെസ്റ്റ് ടീമിൽ തുടരും.

പരിക്ക് മൂലം ഒരുവർഷത്തിലേറെയായി വിട്ടുനിൽക്കുന്ന വൃദ്ധിമാൻ സാഹ ടെസ്റ്റ് ടീമിൽ തിരിച്ചുവിളിക്കപ്പെട്ടു. ടെസ്റ്റിൽ രണ്ടാംവിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലെഗ് സ്പിന്നർ രാഹുൽ ചഹറാണ് ട്വന്റി 20 ടീമിലെ ഏക പുതുമുഖം. രാഹുലിന്റെ സഹോദരൻ ദീപക് ചഹർ ട്വന്റി 20 ടീമിൽ തുടരുന്നു. ഹാർദികിന്റെ സഹോദരൻ ക്രുനാൽ പാണ്ഡ്യെയും ട്വന്റി 20 ടീമിലെ സ്ഥാനം കാത്തുസൂക്ഷിച്ചു. സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനും ട്വന്റി 20യിലെ സ്ഥാനം നഷ്ടമായില്ല.

ധോണിയുടെ വിരമിക്കലിനെക്കുറിച്ചോ ടീമിലെ സ്ഥാനത്തെക്കുറിച്ചോ വ്യക്തമായ ഒരു മറുപടിയും ചീഫ് സെലക്ടർ കമ്മിറ്റി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞില്ലെങ്കിലും ഷോർട്ട് ഫോർമാറ്റുകളിൽ ഋഷഭ് പന്തിന് കൂടുതൽ അവസരങ്ങൾ നൽകി വളർത്തിയെടുക്കുന്നതിനെക്കുറിച്ച് ധോണിയുമായി സംസാരിക്കുമെന്ന് അറിയിച്ചു. വ്യത്യസ്ത ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്ടൻമാരെ പരീക്ഷിക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അതിനെ കുറിച്ചും ചർച്ച ഉണ്ടായില്ല.

രവി ശാസ്ത്രിയടക്കമുള്ള പരിശീലകസംഘം തന്നെ വിൻഡീസ് പര്യടനത്തിൽ തുടരും. ആഗസ്റ്റ് മൂന്നുമുതൽ സെപ്തംബർ മൂന്നുവരെയാണ് വിൻഡീസ് പര്യടനം. മൂന്ന് വീതം ട്വന്റി 20 കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ വിൻഡീസുമായി കളിക്കുന്നത്.

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സെലക്ഷൻ കമ്മിറ്റിയോഗം കൺവീനർ ബി.സി.സി.ഐ സെക്രട്ടറി വേണ്ടതില്ല എന്ന തത്കാലിക ഭരണസമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇന്നലത്തേക്ക് മാറ്റിയത്.

ഋഷഭ് പന്ത്

ഏകദിനത്തിലും ട്വന്റി 20 യിലും ധോണിയുടെ പകരക്കാരനായി പന്ത് വിക്കറ്റ് കീപ്പറാകുന്നു. ഹോം സിരീസുകളിൽ ധോണിയെത്തിയാലു പന്തിന് തന്നെയാകും പ്ളേയിംഗ് ഇലവനിൽ പ്രഥമ പരിഗണനയെന്ന് സൂചന.

രാഹുൽ ചഹർ

ഇന്ത്യൻ സീനിയർ കുപ്പായത്തിലേക്ക് അരങ്ങേറ്റക്കാരനായി ആകെയുള്ളത് ലെഗ്‌സ്പിന്നർ രാഹുൽ ചഹറാണ്. ട്വന്റി 20 ടീമിലാണ് രാഹുലിന് സ്ഥാനം. ഐ.പി.എല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനമാണ് രാഹുലിന് വഴി തുറന്നത്.

നവ്ദീപ് സെയ്നി

2018 ൽ അഫ്ഗാനിസ്ഥാനെതിരെ ഷമിക്ക് പകരക്കാരനായി നവ്ദീപ് സെയ്നി ടീമിലെടുത്തുവെങ്കിലും കളിപ്പിച്ചിരുന്നില്ല. ലോകകപ്പിൽ സ്റ്റാൻഡ് ബൈ ബൗളറായി ഉണ്ടായിരുന്നു. ടീമിലെത്തിയില്ല. ഇപ്പോൾ ട്വന്റി 20 ഏകദിന ടീമുകളിലേക്ക് വിളിയെത്തിയിരിക്കുന്നു.

വൃദ്ധിമാൻ സാഹ

2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് സാഹ അവസാനമായി ടെസ്റ്റ് കളിച്ചത്. കഴിഞ്ഞ വർഷത്തെ ഐ.പി.എല്ലിനെ തുടർന്നുണ്ടായ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിൽ തിരിച്ചെത്തുന്നത്.

വിജയ് ശങ്കർ

ലോകകപ്പിൽ നാലാം നമ്പർ പൊസിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന വിജയ് ശങ്കറിന് തന്റെ ത്രീ ഡയമൻഷണൽ മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പാദത്തിലെ പരിക്കിന്റെ പേരിൽ പിൻവലിച്ചത്. ബാംഗ്ളൂർ നാഷണൽ അക്കാഡമിയിൽ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ സ്ഥിരം ടീമിലേക്കുള്ള തിരിച്ചുവരവ് എളുപ്പമല്ലെന്നാണ് സൂചനകൾ.

ദിനേഷ് കാർത്തിക്

34 കഴിഞ്ഞ ഇൗ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ അന്താരാഷ്ട്ര സാദ്ധ്യതകൾ ഏറക്കുറെ അവസാനിച്ചു എന്നാണ് സൂചനകൾ. യുവ വിക്കറ്റ് കീപ്പർ മാരെയാകും ഇനി പരീക്ഷിക്കുകയെന്ന് വ്യക്തമാണ്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിൽ കളിച്ചെങ്കിലും തിളങ്ങാനായില്ല.

ജസ്‌പ്രീത് ബുംറ

ഐ.പി.എല്ലിലും തുടർന്ന് ലോകകപ്പിലും തുടർച്ചയായി കളിച്ച ബുംറയ്ക്ക് വിശ്രമം നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. ട്വന്റി 20 യിലും ഏകദിനത്തിലും മാത്രമാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ടെസ്റ്റ് ടീമിൽ ബുംറയുണ്ട്.

ഹാർദിക് പാണ്ഡ്യ

തുടർച്ചയായ മത്സരങ്ങൾ ഹാർദിക്കിന് പരിക്കുണ്ടാക്കിയിരുന്നു ദീർഘമായ ഹോം സീസൺ മുന്നിലുള്ളതിനാലാണ് ഹാർദിക്കിന് എല്ലാ ഫോർമാറ്റുകളിലും വിശ്രമം നൽകിയത്. ആൾ റൗണ്ടർമാരായി മറ്റുള്ള യുവതാരങ്ങള പരീക്ഷിക്കാൻ കൂടിയാണ് ഹാർദിക്കിന്റെ വിശ്രമം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് ടീം

വിരാട് കൊഹ്‌ലി (ക്യാപ്ടൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്ടൻ), മായാങ്ക് അഗർവാൾ കെ. എൽ. രാഹുൽ, ചേതേശ്വർ പുജാര, ഹനുമരിഹാരി, രോഹിത് ശർമ്മ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ)), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ് പ്രീത് ബുംറ, ഉമേഷ് യാദവ്.

ഏകദിന ടീം

കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് (വൈസ് ക്യാപ്ടൻ), ധവാൻ, രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ചഹൽ, കേദാർ യാദവ്, ഷമി, ഭുവനേശ്വർ, ഖലീൽ, അഹമ്മദ്, നവ്ദീപ് സെയ്നി.

ട്വന്റി 20 ടീം

കൊഹ്‌ലി (ക്യപ്ൻടൻ), രോഹിത് (വൈസ് ക്യാപ്ടൻ), ധവാൻ, രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ക്രുനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചഹർ, നവ്ദീപ് സെയ്നി.