വിൻഡീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയവരെയും ഒഴിവാക്കിയവരെയും പറ്റി ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന് പറയാനുള്ളത്.
'ധോണി രണ്ട് മാസത്തേക്ക് കളിക്കാൻ കഴിയില്ല എന്ന് അറിയിച്ചതിനെതുടർന്ന് അദ്ദേഹത്തിനെക്കുറിച്ചുള്ള ചർച്ചകൾ ഒന്നും നടന്നില്ല. ഹോം സീസണിൽ തിരിച്ചുവരുകയാണെങ്കിൽ അപ്പോൾ ചർച്ച ചെയ്യും. ലോകകപ്പിൽ പ്രത്യേക സ്ട്രാറ്റജി അനുസരിച്ചാണ് ടീം സെലക്ഷൻ നടത്തിയത്. ഇപ്പോഴുള്ള സെലക്ഷനിൽ മറ്റൊരു സാഹചര്യമാണ്. ധോണി വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോഴേ ഞങ്ങൾ ഒന്നും പറയാൻ തയ്യാറല്ല. അദ്ദേഹം വിരമിക്കുകയാണെങ്കിൽ പറ്റിയ പകരക്കാരെ സെലക്ട് ചെയ്യും.
പ്രതീക്ഷയുണർത്തുന്ന യുവ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. മൂന്ന് ഫോർമാറ്റുകളിലും ദീർഘകാലം കളിക്കാനുള്ള പ്രായം അദ്ദേഹത്തിനുണ്ട്. ആ നിലവാരത്തിലേക്ക് അദ്ദേഹത്തെ വളർത്തിയെടുക്കേണ്ടതുണ്ട്. അതിന് ധോണിയുടെ സേവനം ലഭ്യമാക്കാൻ അദ്ദേഹവുമായി സംസാരിക്കും. ഇന്ത്യയുടെ ഭാവി ഒന്നാം നമ്പർ വിക്കറ്റ് കീപ്പറും മികച്ച ബാറ്റ്സ്മാനുമാണ് ഋഷഭ്. അത് കരുതിയാണ് മൂന്ന് ഫോർമാറ്റുകളിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൗ പ്രായത്തിൽ ദിനേഷ് കാർത്തികിന് ഏകദിനത്തിലും ട്വന്റി 20 യിലും കൂടുതൽ കാലം കളിക്കാനാകുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കി യുവതാരങ്ങൾക്ക് അവസരം നൽകിയത്. ഭാവിയിലേക്കുള്ള ടീമിനെയാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. അപ്പോൾ ചിലരെ ഒഴിവാക്കേണ്ടിവരും. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയാൽ ആർക്കും ടീമിലേക്ക് എത്താനാകും. ടീമിന്റെ അവശ്യകതയ്ക്ക് അനുസരിച്ചാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
അമ്പാട്ടി റായ്ഡുവിനോട് ഞങ്ങൾക്കാർക്കും വ്യക്തിപരമായ യാതൊരു വൈരാഗ്യവുമില്ല. ലോകകപ്പിനിടെ വിജയ് ശങ്കറിന് പരിക്കേറ്റപ്പോൾ ഒാപ്പണറായി ബാറ്റ് ചെയ്യാൻ കഴിയുന്ന ആൾ വേണമെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനാലാണ് മായാങ്ക് അഗർവാളിനെ അയച്ചത്. അല്ലാതെ അമ്പാട്ടിയോട് വിരോധമുള്ളതുകൊണ്ടല്ല. അമ്പാട്ടി റായ്ഡു ട്വിറ്ററിൽ നടത്തിയ ത്രിഡി പരാമർശം നല്ലൊരു തമാശയായേ ഞാൻ കണ്ടിട്ടുള്ളു. ഞാനത് ആ രീതിയിൽ ആസ്വദിക്കുകയും ചെയ്തിരുന്നു. അമ്പാട്ടി അനുഭവിച്ച പോലെയുള്ള വൈകാരിക പ്രശ്നങ്ങൾ സെലക്ഷൻ കമ്മിറ്റിക്കുമുണ്ടായിരുന്നു. സ്വന്തം ഇഷ്ടങ്ങൾക്ക് ഞങ്ങൾ ഒരിക്കലും പ്രാധാന്യം നൽകിയിട്ടേയില്ല.
ഒരു താരത്തെ ഒഴിവാക്കേണ്ടിവരുമ്പോൾ ഞങ്ങൾക്കും വിഷമം തോന്നാറുണ്ട്. പക്ഷേ ടീമിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ വൈകാരിക താത്പര്യങ്ങൾക്ക് സ്ഥാനമില്ല.