ജക്കാർത്ത : ഇൗ സീസണിലെ തന്റെ ആദ്യ ഫൈനലിൽ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ നക്ഷത്രം പി.വി. സിന്ധുവിന് തോൽവി. ഇന്നലെ ജക്കാർത്തയിൽ നടന്ന ബി.ഡബ്‌ള്യു.എഫ് ടൂർ സൂപ്പർ 1000 ടൂർണമെന്റിൽ നാലാം സീഡ് ജാപ്പനീസ് താരം അകാനെ യമാഗുച്ചിയോടാണ് സിന്ധു നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റത്..
51 മിനിട്ട് നീണ്ട മത്സരത്തിൽ 21-15, 21-16 എന്ന സ്കോറിനാണ് യമാഗുച്ചി സിന്ധുവിനെ കീഴടക്കിയത്.
ഏറെ നാളുകൾക്ക് ശേഷം ഒരു ടൂർണമെന്റിന്റെ ഫൈനലിൽ കളിക്കാനിറങ്ങിയ സിന്ധുവിന് ആദ്യ ഗെയിംമുതൽതന്നെ പാളിച്ചകൾ പറ്റിയിരുന്നു. ആദ്യഗെയിമിൽ 3-0 ത്തിന് ലീഡ് നേടിയ യമാഹുച്ചിയെ പക്ഷേ പൊരുതി നോക്കിയ സിന്ധു 5-4ന് പിന്നിലാക്കി. തുടർന്ന് 7-7ന് യമാഗുച്ചി ലീഡിലെത്തി.11-10ന് ആദ്യഗെയിമിന്റെ ഇടവേളയിൽ മുന്നിലെത്താൻ സിന്ധുവിന് കഴിഞ്ഞു. തുടർന്ന് 14-14 ന് തുല്യ നിലയിലെത്തിയശേഷമാണ് യമാഗുച്ചി കയറിപ്പോയത്.
രണ്ടാം ഗെയിമിൽ തുടക്കം മുതലേ സിന്ധുവിന് ലീഡ് നേടാനായിരുന്നു. 4-1 എന്ന നിലയിൽ നിന്ന് യമാഗുച്ചി 8-5ലേക്ക് മുന്നേറിയതോടെ സിന്ധുവിന്റെ ആത്മവിശ്വാസവും നഷ്ടമാകാൻ തുടങ്ങി. 11-8 നാണ് യമാഗുച്ചി ഇടവേളയിൽ മുന്നിട്ടുനിന്നിരുന്നത്. തുടർന്ന് സിന്ധുവിന്റെ അൺഫോഴ്സസ് എററുകൾ കൂടിയായപ്പോൾ യമാഗുച്ചി 15-10 ലേക്ക് ലീഡുയർത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ സിന്ധുവിന് കഴിഞ്ഞതേയില്ല.
കഴിഞ്ഞ ഡിസംബറിൽ ബി.ഡബ്‌ള്യു.എഫ് വേൾഡ് ടൂർ ഫൈനൽസിൽ സ്വർണം നേടിയ ശേഷം സിന്ധുവിന്റെ ആദ്യ ഫൈനലായിരുന്നു ഇന്നലെ.
യമാഗുച്ചിക്കെതിരായ സിന്ധുവിന്റെ തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഇന്നലത്തേത്. കഴിഞ്ഞവർഷം ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിലായിരുന്നു ഇതിന് മുമ്പ് സിന്ധു യമാഗുച്ചിയോട് തോറ്റത്.
15 തവണ യമാഗുച്ചിയെ നേരിട്ടുള്ള സിന്ധു 10 തവണ വിജയം നേടിയിട്ടുണ്ട്.
കഴിഞ്ഞവർഷം ലോകചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, തായ്‌ലൻഡ് ഒാപ്പൺ എന്നിവയുടെ ഫൈനലുകളിൽ സിന്ധു തോറ്റിരുന്നു.
ഇൗവർഷം സിംഗപ്പൂർ ഒാപ്പണിലും ഇന്ത്യ ഒാപ്പണിലും സിന്ധു സെമിയിൽ തോറ്റിരുന്നു.
യമാഗുച്ചിയുടെ ഇൗ വർഷത്തെ മൂന്നാം കിരീടമാണിത്. നേരത്തെ ജർമ്മൻ ഒാപ്പണും ഏഷ്യൻ ചാമ്പ്യൻഷിപ്പും ജാപ്പനീസ് താരം നേടിയിരുന്നു.