കൊളംബോ : ഇംഗ്ളണ്ടും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് ഫൈനലിന്റെ അവസാന ഒാവറിൽ ബാറ്റിൽത്തട്ടി ബൗണ്ടറി കടന്ന ഒാവർ ത്രോയ്ക്ക് ആറ് റൺസ് അനുവദിച്ചത് തെറ്റായ തീരുമാനമെന്ന് ലങ്കൻ അമ്പയർ കുമാര ധർമ്മസേന സ മ്മതിച്ചതായി റിപ്പോർട്ടുകൾ. ഒരുലങ്കൻ പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പെട്ടെന്നെടുത്ത തീരുമാനത്തിൽ പിഴവുണ്ടായെന്നാണ് ധർമ്മസേന പറഞ്ഞത്. എന്നാൽ ഫീൽഡ് അമ്പയർമാർക്ക് ടി.വി. റിപ്ളേ നോക്കി തീരുമാനമെടുക്കാനുള്ള സാവകാശമില്ലാത്തതിനാൽ ഇങ്ങനെയൊക്കെ സംഭവിക്കാമെന്നും ധർമ്മസേന കൂട്ടിച്ചേർത്തു. സമയം പാഴാക്കാതെ തീരുമാനമെടുത്തതിന് ഐ.സി.സി തന്നെ അഭിനന്ദിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.