തിരുവനന്തപുരം : അധികാരത്തർക്കത്തെ തുടർന്ന് സംസ്ഥാന ഖൊ-ഖോ അസോസിയേഷൻ
പിളർപ്പിലേക്ക്. നിലവിലുണ്ടായിരുന്ന അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും ഇരുവിഭാഗങ്ങളാ യി കലഹം തുടങ്ങിയതോടെയാണ് കായിക താരങ്ങൾ പെരുവഴിയിലായത്. ബി. സത്യൻ എം.എൽ.എയായിരുന്നു അസോസിയേഷന്റെ പ്രസിഡന്റ് . സെക്രട്ടറി വിദ്യാധരൻ പിള്ളയും.
നേരത്തെ തന്നെ അസോസിയേഷനിൽ കലഹമുണ്ടായിരുന്നു. ഇതോടെ ദേശീയ ഫെഡറേഷൻ ഇടപെട്ട് അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കി. ഇൗ അഡ്ഹോക്ക് കമ്മിറ്റിയിൽ സെക്രട്ടറി തന്റെ ബന്ധുക്കളെ തിരുകിക്കയറ്റി എന്ന ആരോപണവുമായാണ് മറുപക്ഷം രംഗത്തെത്തിയത്. ഇന്ന് രണ്ട് പക്ഷങ്ങളും വെവ്വേറെ സംസ്ഥാന കമ്മിറ്റികൾ വിളിച്ചിട്ടുണ്ട്.ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രസിഡന്റ് പക്ഷത്തിന്റെ യോഗത്തിന് സ്പോർട്സ് കൗൺസിൽ നിരീക്ഷണ അനുവദിച്ച് നൽകിയിട്ടുണ്ട്. ആറ്റിങ്ങലിലാണ് സെക്രട്ടറി പക്ഷത്തിന്റെ യോഗം. ഇതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് കൗൺസിൽ അധികൃതർ അറിയിച്ചു.
ബി. സത്യൻ എം.എൽ.എയുടെ പക്ഷത്തിനാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം. എന്നാൽ ഇവർക്ക് ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ല. ദേശീയ ഫെഡറേഷൻ അംഗീകാരം നൽകിയിരിക്കുന്നത് അഡ്ഹോക്ക് കമ്മിറ്റിക്കാണ്.
സ്പോർട്സ് കൗൺസിൽ അംഗീകാരവും ദേശീയ ഫെഡറേഷന്റെ അംഗീകാരവും രണ്ട് കൂട്ടർക്കായതോടെ വെള്ളത്തിലായത് ഖൊ-ഖോ താരങ്ങളാണ്. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള അസോസിയേഷന്റെ അനുമതി വേണം. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഗ്രാന്റ് സ്പോർട്സിൽ കൗൺസിൽ അംഗീകാരമുള്ള അസോസിയേഷൻ മുഖേനയേ ലഭിക്കുകയുള്ളൂ. സ്പോർട്സ് ക്വാട്ട പ്രവേശനത്തിനും ആവശ്യം കൗൺസിലിന്റെ അംഗീകാരമാണ്.
ഇൗ രീതിയിൽ മുന്നോട്ടുപോയാൽ ശരിയാകില്ലെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിലും കേരള ഒളിമ്പിക് അസോസിയേഷനും ഇരുപക്ഷങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇരുകൂട്ടരെയും സമന്വയിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്
ക്യാപ്ഷൻ
ഹരിയാനയിലെ റോഹ്‌ത്തക്കിൽ നടന്ന ദേശീയ സബ് ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ കേരള ടീം.