taapsee

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കുള്ള അനന്തമായ യാത്രയാണ് നടി കങ്കണ റണാവത്തിന്റെ ജീവിതമെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. പലപ്പോഴും കങ്കണയ്ക്കു വേണ്ടി വിവാദങ്ങൾ സൃഷ്ടിക്കുന്നത് സഹോദരിയും മാനേജരുമായ രംഗോലിയുടെ വാക്കുകളാണ്. മുൻനിര താരങ്ങളെ പോലും അപഹസിച്ചു കൊണ്ട് പോസ്റ്റുകൾ പങ്കുവയ്ക്കാൻ രംഗോലിക്ക് ഒരു മടിയുമില്ല. എന്നാൽ, അതിനൊന്നും മറുപടി നൽകാൻ ആരോപണ വിധേയർ ശ്രമിക്കാറില്ല. ഇപ്പോഴിതാ രംഗോലിയുടെയും കങ്കണയുടെയും ചൂടൻ ആരോപണങ്ങൾക്ക് കിടുക്കൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി തപ്സി ബന്നു. കങ്കണയും രാജ് കുമാർ റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഡ്‌മെന്റൽ ഹേ ക്യാ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് രംഗോലി, തപ്‌സിക്കെതിരെ രംഗത്തുവന്നത്.

സിനിമയെക്കുറിച്ച് തപ്‌സി പങ്കുവച്ച ട്വീറ്റിൽ കങ്കണയുടെ പേര് പരാമർശിക്കുന്നില്ലെന്നും അത് കങ്കണയോടുള്ള അസൂയ കൊണ്ടാണെന്നുമാണ് രംഗോലി ആരോപിച്ചത്. ഇതുകൂടാതെ സ്വജനപക്ഷപാതമുള്ള തപ്‌സിയെപ്പോലുള്ള താരങ്ങൾ കങ്കണയെ ഒരിക്കലും മാനിക്കില്ലെന്നും രംഗോലി പറഞ്ഞു. തുടർന്ന് അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ തപ്‌സിയെ അനുകൂലിച്ച് രംഗത്തുവന്നു.

അനുരാഗ് മാത്രമല്ല സിനിമയിലെ എന്റെ സുഹൃത്തുക്കളിൽ ഒരുപാടുപേർ അവർക്ക് മറുപടിയുമായി രംഗത്ത് വന്നതാണ്. പലരെയും ഞാൻ എതിർത്തു. ഞാൻ കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല. സ്വജനപക്ഷപാതത്തിന്റെ ചീട്ടുവച്ചൊന്നും കളിക്കണ്ട. ഞാനും അവരെപ്പോലെ വളരെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നത്. ആ സഹോദരിമാരോട് തർക്കിക്കാൻ കഴിയില്ല. ഞങ്ങളുടെ ഭാഷകൾ തമ്മിൽ ചേരില്ല. ചുരുണ്ട മുടി വളർത്തി ഞാൻ കങ്കണയെ അനുകരിക്കുന്നുവെന്നാണ് രംഗോലിയുടെ വാദം. ഇതെന്താ ചുരുണ്ടമുടിക്ക് പേറ്റന്റു വല്ലതുമുണ്ടോ. ജനിച്ചപ്പോൾ മുതൽ എന്റെ മുടി ഇങ്ങനെ തന്നെയാണ്. ഇവരോടൊക്കെ ഇതിലും മാന്യമായി മറുപടി പറയാൻ അറിയില്ല- തപ്സി പറയുന്നു.