ദിനം പ്രതി നമുക്ക് ചുറ്റും കൗമാര ആത്മഹത്യാ വാർത്തകൾ കേൾക്കുന്നു. ആത്മഹത്യാശ്രമങ്ങൾ കാണുന്നു. അല്പം ശ്രദ്ധിച്ചാൽ കൗമാരക്കാരെ രക്ഷപ്പെടുത്താം.
ശാരീരികമായും മാനസികവുമായ വളർച്ച നടക്കുന്നതിനാൽ കൗമാരക്കാർ പലപ്പോഴും കടുത്ത മാനസിക സംഘർഷത്തിലായിരിക്കും. പല വിഷമതകളും തുറന്നുപറയാൻ വിശ്വസ്തരായ ആരും ഇല്ല എന്നതാണ് സത്യം. ഇവരുടെ വൈകാരികമായ പെരുമാറ്റം കാരണം വീട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടാവുന്നു. ഇതിനെത്തുടർന്ന് മക്കളുമായി മിണ്ടായിരിക്കുന്നത് പ്രശ്നങ്ങൾ കൂടാനേ ഇടയാക്കൂ. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുക. മറ്റുള്ളവരുടെ മുൻപിൽ വച്ച് കളിയാക്കുക, ചീത്തവിളിക്കുക, മറ്റു കുട്ടികളുടെ കളിയാക്കലുകൾ, താത്പര്യം ഇല്ലാത്ത വിഷയം പഠിക്കാൻ നിർബന്ധിക്കുക, രക്ഷിതാക്കൾക്കുള്ള അമിതപ്രതീക്ഷകൾ, ഹോർമോൺ പ്രശ്നങ്ങൾ, പ്രണയ പ്രശ്നങ്ങൾ, ചില മാനസിക രോഗങ്ങൾ എന്നിവയൊക്കെ കൗമാരക്കാരെ കൂടുതൽ പിരിമുറുക്കത്തിൽ എത്തിക്കുന്നു.
കൗമാരക്കാർക്ക് കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം ആവശ്യമുണ്ട്. അത് അവരുടെ പഠനശേഷി വർദ്ധിപ്പിക്കും. ഉറക്കം ഇല്ലാതാവുക, ഭയം, സംസാരം കുറയുന്നു അല്ലെങ്കിൽ അമിതമായ സംസാരം, പഠനത്തിൽ ശ്രദ്ധ കുറയുന്നു, പഠിക്കാൻ മടി,അക്രമം കാണിക്കുക, അനാവശ്യ ആർഭാടങ്ങൾക്ക് വേണ്ടി വാശിപിടിക്കുക, കൈകാലുകളിൽ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് സ്വയം മുറിവ് ഉണ്ടാക്കുക, അസ്വസ്ഥമായി നടക്കുക, സ്ഥിരമായി തലവേദന പറയുക, കൂടുതൽ സമയം കതക് അടച്ച് ഇരിക്കുക, കമ്പ്യൂട്ടർ / ഫോൺ ഉപയോഗം കൂടുക, ലഹരിവസ്തുക്കൾ ഉപയോഗിക്കുക, ആത്മഹത്യാ പ്രവണത കാട്ടുക, ആത്മഹത്യയെക്കുറിച്ച് പറയുക, ആത്മഹത്യ ചെയ്യുന്ന രീതികളെക്കുറിച്ച് അന്വേഷിക്കുക, അമിതമായ വേഗതയിൽ വാഹനം ഓടിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ യോഗ്യതയുള്ള സൈക്കോളജിസ്റ്റിന്റെ അടുത്ത് കൗൺസലിംഗിന് കൊണ്ടുപോവുക, ചില സാഹചര്യത്തിൽ സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്നും കഴിക്കേണ്ടതായി വരും.
റാണി രജനി റ്റി.
ക്ളിനിക്കൽ സൈക്കോളജിസ്റ്റ്
ആൻഡ് ഫാമിലി കൗൺസലർ
ഫാമിലി കൗൺസലിംഗ് സെന്റർ
ശാസ്തമംഗലം, തിരുവനന്തപുരം
ഫോൺ: 8113042224, 9497639191.