ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമിൽ ഏറെ പ്രതീക്ഷകളോടെയാണ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2023ൽ ഇന്ത്യയിൽ നടക്കുന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയുള്ള തയാറെടുപ്പെന്ന മട്ടിലാണ് പുതുമുഖങ്ങളെ കളത്തിലിറക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനം. ഓഗസ്റ്റ് മൂന്നിനാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ആരംഭിക്കുന്നത്. മൂന്നു വീതം ഏകദിനവും ട്വന്റി -20യും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. യുവതാരനിരയാണ് ഇന്ത്യൻ സ്‌ക്വാഡിന്റെ പ്രത്യേകത.
വിക്കറ്റ്കീപ്പർ ബാറ്റ്സ്‌മാനായ ഋഷഭ് പന്ത് മൂന്നു ഫോർമാറ്റുകളിലും ഉണ്ടാകും. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഫാസ്റ്റ് ബൗളർ നവ്ദീപ് സായ്‌നി എന്നിവർ ട്വന്റി -20, ഏകദിന ടീമുകളിലും ലെഗ് സ്‌പിന്നർ രാഹുൽ ചാഹർ ട്വന്റി -20യിലും കളത്തിലിറങ്ങും. തങ്ങൾക്ക് ലഭിച്ച അവസരം ഏറെ പ്രതീക്ഷകളോടെയാണ് ഈ യുവനിര നോക്കിക്കാണുന്നത്. അവസരം കിട്ടിയാൽ മികച്ച രീതിയിൽ തിളങ്ങാൻ സാധിക്കുന്ന യുവതാരങ്ങളുടെ വിശേഷങ്ങൾ:
നവ്ദീപ് സായ്‌നി
വയസ് - 26
രഞ്ജി ട്രോഫിയിൽ ഡൽഹിയുടെ മികച്ച പേസർമാരിൽ മുൻപന്തിയിലായിരുന്നു സായ്‌നി. 2017 രഞ്ജി ട്രോഫിയിൽ 8 കളികളിൽ നിന്നും 34 വിക്കറ്റുകൾ എറിഞ്ഞു വീഴ്‌ത്തിയ മിടുക്കൻ. അന്താരാഷ്ട്ര ടീമിൽ അരങ്ങേറ്റം കുറിക്കുന്ന സായ്നി പക്ഷേ, ഇന്ത്യൻ ടീമുമൊത്തു കുറേ ദൂരം താണ്ടിയിട്ടുണ്ട്. ലോകകപ്പിലും 2018ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്ക പര്യടനത്തിലും സായ്നി നെറ്റ് ബൗളറായി ഒപ്പം ഉണ്ടായിട്ടുണ്ട്. ഹരിയാനയിലെ കർണാൽ സ്വദേശിയായ സായ്നി പ്രാദേശിക മത്സരങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സായ്‌നി എന്ന വലംകൈയ്യൻ പേസർ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
രാഹുൽ ചാഹർ
വയസ് - 19
രാഹുൽ തന്റെ ഇരുപതാം പിറന്നാൾ വരുന്ന ഓഗസ്റ്റ് 4ന് വെസ്റ്റ് ഇൻഡീസിൽ ഇന്ത്യൻ ടീമിനൊപ്പമാകും ആഘോഷിക്കുക. ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസ് അംഗമായിരുന്ന രാഹുൽ വിവിധ മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുകൾ കരസ്ഥമാക്കിയിരുന്നു. ശ്രീലങ്കൻ എ ടീമിനെതിരായി നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ 14 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ദീപക് ചാഹർ
വയസ് - 26
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പേസറായിരുന്നു ദീപക് ചാഹർ. ശരാശരി 140 കിലോമീറ്ററാണ് ദീപകിന്റെ ബൗളിംഗ് സ്‌പീഡ്. കഴിഞ്ഞ രണ്ട് ഐ.പി.എൽ സീസണുകളിലായി 32 വിക്കറ്റുകൾ ദീപക് നേടിയിരുന്നു. 2018ൽ അഫ്ഗാനെതിരായ ഏകദിനത്തിലും അതേവർഷം തന്നെ ഇംഗ്ലണ്ടിനെതിരായ ട്വന്റി - 20യിലും ദീപക് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. എങ്കിലും ദീപക്കിന് അത്രമാത്രം തിളങ്ങാൻ സാധിച്ചിരുന്നില്ല.
ശ്രേയസ് അയ്യർ
വയസ് - 24
ടീമിൽ നാലാം നമ്പറിലേക്ക് അവസരം ലഭിക്കുമെന്ന് കരുതപ്പെടുന്ന താരമാണ് ശ്രേയസ് അയ്യർ. ആറ് ഏകദിനങ്ങളിൽ ശ്രേയസ് കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ മുംബയ് ടീമിലായിരുന്നു ശ്രേയസ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രേയസിന് തന്റെ കഴിവു തെളിയിക്കാൻ മതിയായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 52.18, ഏകദിനങ്ങളിൽ 42 എന്നിങ്ങനെയുള്ള റൺറേറ്റ് ശ്രേയസിന്റെ പ്രകടനത്തെ പ്രശംസനീയമാക്കുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിൽ 16 ഇന്നിംഗ്സുകളിൽ നിന്നായി 463 റൺസ് ശ്രേയസ് നേടിയിരുന്നു.
മനീഷ് പാണ്ഡെ
വയസ് - 29
വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിന്റെ ക്യാപ്ടനായിരുന്നു മനീഷ് പാണ്ഡെ. രോഹിത് ശർമ, വിരാട് കോഹ്‌ലി, ശിഖർ ധവാൻ എന്നിവർക്കൊപ്പം മദ്ധ്യനിരയിൽ തിളങ്ങാൻ മനീഷ് പാണ്ഡെയ്ക്ക് സാധിക്കും എന്ന് കരുതുന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ഏകദിനത്തിൽ മനീഷ് പാണ്ഡെ സെഞ്ച്വറി നേടിയിരുന്നു. ഐ.പി.എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിലായിരുന്നു പാണ്ഡെ.
വാഷിംഗ്ടൺ സുന്ദർ
വയസ് - 19
ഐ.പി.എല്ലിൽ റൈസിംഗ് പൂനെ സൂപ്പർ ജെയന്റ്സിലെ മാസ്മരിക പ്രകടനത്തിലൂടെ തമിഴ്നാട് സ്വദേശിയായ വാഷിംഗ്ടൺ സുന്ദർ ക്രിക്കറ്റ് പ്രേമികളെ കൈയിലെടുത്തിരുന്നു. വിൻഡീസ് പര്യടനത്തിൽ അന്തിമ ഇലവനിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ട്വന്റി -20യിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.