arundel

ഇംഗ്ലണ്ടിലെ സസിക്‌സിൽ ആരൺ നദിക്കരയിലുള്ള മനോഹരമായ കോട്ടയാണ് ആരൺഡെൽ കാസിൽ. രാജകുടുംബാംഗങ്ങളുടെ ഇഷ്ട കേന്ദ്രമായ ഈ കൊട്ടാരം 11ാം നൂറ്റാണ്ടിന്റെ അവസാനം 1068ൽ ബ്രിട്ടീഷ് പ്രഭുവായ റോജർ ഡി മോണ്ട്ഗോമറിയാണ് പണി കഴിപ്പിച്ചത്. 1642 - 45 വർഷങ്ങളിൽ നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ കോട്ട തകർക്കപ്പെട്ടു. പിന്നീട് 1718ൽ നോർഫോൽക് പ്രഭുവായ തോമസ് കോട്ട വീണ്ടും പുതുക്കി പണിഞ്ഞു. 1900കളിൽ നോർഫോൽകിലെ ഹെൻറി പ്രഭുവും കോട്ടയിൽ പുനഃരുദ്ധാരണം നടത്തി.

അതേസമയം, എല്ലാ തരത്തിലുള്ള സൗകര്യങ്ങളും നിറഞ്ഞ കൂറ്റൻ കോട്ടയായ ആരൺഡെൽ കാസിൽ അതിന്റെ മനോഹാരിതകൊണ്ട് മാത്രമല്ല എണ്ണിയാലൊടുങ്ങാത്ത പ്രേതക്കഥകൾ കൊണ്ടും വളരെ പ്രസിദ്ധമാണ്. കോട്ടയെ ചുറ്റിപ്പറ്റി കറങ്ങുന്ന കുറേ പ്രേതങ്ങളുടെ കഥ ഇവിടെ പ്രചാരത്തിലുണ്ട്.

ഈ കോട്ട നിർമിച്ച പ്രഭു ഇപ്പോഴും ഇവിടം വിട്ടു പോയിട്ടില്ലത്രെ! തന്റെ പ്രിയപ്പെട്ട കോട്ടയിൽ തന്നെയാണത്രെ പ്രഭുവിന്റെ പ്രേതത്തിന്റെ വാസവും. കോട്ടയിൽ നിന്നും ചാടി മരിച്ച എമിലി എന്ന സ്ത്രീയുടെ പ്രേതവും കഥകളിൽ മുന്നിൽ നിൽക്കുന്നു. രാത്രിയിൽ ചന്ദ്രന്റെ വെളിച്ചത്തിൽ വെള്ള വസ്ത്രങ്ങൾ ധരിച്ച എമിലിയെ പലരും കണ്ടിട്ടുണ്ടെന്ന് പറയുന്നു. മൂന്നാമത്തെ പ്രേതം 200 വർഷങ്ങൾക്ക് മുമ്പ് കോട്ടയിൽ അടുക്കള ജോലി ചെയ്‌തിരുന്ന ഒരു ആൺകുട്ടിയുടേതാണ്. യജമാനന്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് കുട്ടി മരിച്ചത്. കോട്ടയുടെ അടുക്കളയിൽ ഇപ്പോഴും കുട്ടിയുടെ പ്രേതം ഉണ്ടെന്നും അടുക്കളയിൽ നിന്ന് പാത്രങ്ങൾ കഴുകുന്ന കുട്ടിയെ കണ്ടതായും ചിലർ അവകാശപ്പെടുന്നു. അടുത്ത പ്രേതത്തിന്റെ പേര് 'ബ്ലൂ മാൻ ' എന്നാണ്. 1630 മുതൽ കോട്ടയിലെ ലൈബ്രറിയിൽ ഇയാൾ കറങ്ങി നടക്കാറുണ്ടത്രെ.

ഒരു വെള്ള മൂങ്ങയെപ്പറ്റിയുള്ളതാണ് കോട്ടയെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു വിശ്വാസം. കോട്ടയിലെ ഏതെങ്കിലും ജനാല വഴി ഈ പക്ഷി പറന്നു പോകുന്നത് കണ്ടാൽ കോട്ടയിലുള്ളവർക്കോ അല്ലെങ്കിൽ അവരുടെ അടുത്ത ബന്ധുവിനോ മരണം സംഭവിക്കാൻ പോകുന്നതിന്റെ സൂചനയാണത്രെ. തകർക്കപ്പെട്ട കോട്ട പുതുക്കി പണിയുന്നതിന് മുമ്പ് അമേരിക്കൻ വെള്ള മൂങ്ങകളെ ചില പ്രഭുക്കൻമാർ ഇവിടെ വളർത്തിയിരുന്നെന്ന് ചരിത്രം പറയുന്നു. 1958ൽ കോട്ടയിൽ രാത്രി ചുറ്റിക്കറങ്ങിയ പരിചാരകന്റെ മുന്നിൽ ഒരു മനുഷ്യരൂപം നടന്ന് ചെല്ലുകയും പൊടുന്നനെ അപ്രത്യക്ഷമാവുകയും ചെയ്‌തുവെന്നും പറയപ്പെടുന്നു. പക്ഷേ, ഈ കഥകളൊന്നും തന്നെ കോട്ടയുടെ പ്രതാപത്തെ ബാധിച്ചിട്ടില്ല.