ksu-adi
തിരുവനന്തപുരം പ്രസ് ക്ലബ് റോഡിൽ സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷം മടങ്ങിയ കെ.എസ്.യു പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തന്നാരോപിച്ച് പൊലീസ് വാഹനം തടഞ്ഞ കെ.എസ്.യു പ്രവർത്തകയെ വനിതാ പൊലീസുകാർ നീക്കം ചെയ്യുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം കിടന്ന കെ.എസ്.യു നേതാക്കളെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമത്തിലേക്ക് തിരിഞ്ഞതോടെ ഒരു മണിക്കൂറോളം എം.ജി റോഡ് യുദ്ധക്കളമായി. ബാരിക്കേഡുകൾ മറിച്ചിടാനും കൈയേറ്റത്തിനും ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചപ്പോൾ സോഡാക്കുപ്പികളും കല്ലും വലിച്ചെറിഞ്ഞ് അവർ പൊലീസിനെ നേരിട്ടു. തെരുവ് യുദ്ധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഫോർട്ട് എ.സിക്കും വഴിയാത്രക്കാരനും ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു.

തുടർച്ചയായി 25 കണ്ണീർ വാതക ഷെല്ലുകളാണ് പൊലീസ് പൊട്ടിച്ചത്. നിരാഹാരം അനുഷ്ഠിച്ചിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവരെ കണ്ണീർവാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു. സംഘർഷ സ്ഥലത്തു നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം.പിയെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം ഒരു മണിക്കൂർ സ്തംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പ്രസ്‌ക്ലബ് പരിസരത്ത് നിന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് കാവലുണ്ടായിരുന്നു. സൗത്ത് ഗേറ്റിന് മുന്നിലൂടെ പ്രവർത്തകർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ച ശേഷം ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഡീൻ കുര്യാക്കോസ് പ്രകടനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സമരം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ സമരപ്പന്തലിന്റെ ഭാഗത്ത് നിന്ന് സംഘർഷം തുടങ്ങി.

സമരപ്പന്തലിന് എതിർവശത്ത് ഇട്ടിരുന്ന പൊലീസ് വാഹനം മാറ്റണമെന്നാവശ്യപ്പെട്ട് പന്തലിലുണ്ടായിരുന്ന പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം മൂത്തതോടെ പൊലീസിന് നേർക്ക് കല്ലെറിഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് സമരഗേറ്റിന് മുന്നിൽ നിലയുറപ്പിച്ചിരുന്ന ഭൂരിഭാഗം പൊലീസുകാരും സമരപ്പന്തലിലേക്ക് പാഞ്ഞു. പൊലീസ് നടുവിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ടു വശങ്ങളിലുമായി നിന്നതോടെ അടി ഉറപ്പായി. ഇതിനിടെ പ്രവർത്തകർ സോഡാക്കുപ്പികളും കല്ലും പൊലീസിന് നേർക്ക് വലിച്ചെറിഞ്ഞു. ഇവരെ ഓടിക്കാൻ തുടർച്ചയായി കണ്ണീർവാതക ഷെല്ലുകളും ഗ്രനേഡുകളും പൊട്ടിച്ചു.

എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, മഹിളാകോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, ലതിക സുഭാഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. സമരശേഷം മടങ്ങിയ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തതായി ആരോപിച്ച് യൂത്ത് കോൺഗ്രസുകാർ പ്രസ്‌ക്ലബിന് സമീപം റോഡ് ഉപരോധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

പത്ത് പേർക്ക് പരിക്ക്,

ആറു പേർ റിമാൻഡിൽ

കണ്ണീർവാതക പ്രയോഗത്തിലും കല്ലേറിലും ഫോർട്ട് എ.സി പ്രതാപൻ നായർക്ക് കാലിനും മാതൃഭൂമി ഓൺലൈൻ കാമറാമാൻ പ്രവീൺദാസിന് തലയ്ക്കും പരിക്കേറ്റു. യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരായ ടി.ആർ. രാജേഷ്,

അജു കെ. മധു, നേമം ബൈജു, നേമം ഷജീർ, സുമ, പവിജ, അച്ചു അജയഘോഷ് എന്നിവർക്കും ഒരു വഴിയാത്രക്കാരനും പരിക്കുണ്ട്. അറസ്റ്റിലായവരിൽ റിങ്കു പടിപ്പുരയിൽ, കഴക്കൂട്ടം സഫീർ, നൗഫൽ കണിയാപുരം, കണ്ണൂർ ഷോബിൻ, സുഹൈൽ, ഫെബിൻ വെഞ്ഞാറമൂട് എന്നിവരെ റിമാൻഡ് ചെയ്തു.