തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ പോരായ്മകൾ പരിഹരിച്ച് സംസ്ഥാനത്തെ ധന സ്ഥിതി മെച്ചമാക്കുമെന്ന് അവകാശപ്പെട്ട ധനമന്ത്രി തോമസ് ഐസക്,സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലേയ്ക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ ധനപ്രതിസന്ധിയെക്കുറിച്ച് ധവളപത്രമിറക്കാൻ യു.ഡി.എഫ് നിയോഗിച്ച വി.ഡി.സതീശൻ സമിതിയുടെ ആദ്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഇടത് സർക്കാരിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണത്തിലൂടെ സംസ്ഥാനത്തെ ധനസ്ഥിതി അതിരൂക്ഷമായി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനകാര്യ തകർച്ചയുണ്ടായത് 1998-2001 കാലഘട്ടത്തിലാണ്. അതിന് ശേഷമുള്ള ഏറ്റവും വലിയ ധനപ്രതിസന്ധിയാണ് ഇപ്പോൾ
ധനപ്രതിസന്ധി മൂലം സംസ്ഥാനത്തെ ഭരണ നിർവഹണം, വികസന പ്രവർത്തനങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ, വാർഷിക പദ്ധതി നടത്തിപ്പ്, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പ്രളയ പുനർനിർമാണം തുടങ്ങി എല്ലാം സ്തംഭനാവസ്ഥയിലാണ്. ശമ്പളവും പെൻഷനുമൊഴികെ മറ്റൊരു ഇടപാടും നടക്കുന്നില്ല. ബില്ലുകൾ പാസാക്കുന്നതിൽ കടുത്ത ട്രഷറി നിയന്ത്രണമാണ്. കരാറുകാർ, സർക്കാർ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്തവർ,ദുരിതാശ്വാസ സഹായം കാത്തിരിക്കുന്നവർ തുടങ്ങി എല്ലാവരും ദുരിതത്തിലാണ്. ഗൾഫിൽ നിന്നുള്ള മടങ്ങിവരവ്, നിർമാണമേഖലയിലെ മാന്ദ്യം, നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവ സാമ്പത്തിക തളർച്ചയ്ക്ക് ആക്കം കൂട്ടി. റവന്യൂ , ധന കമ്മി വൻതോതിൽ വർദ്ധിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം സംസ്ഥാനം 98-2001 ൽ കണ്ട ധനകാര്യ തകർച്ചയിലേക്കെത്തും- ചെന്നിത്തല പറഞ്ഞു.
മാസ്കറ്ര് ഹോട്ടലിൽ നടന്ന യോഗത്തിൽ പ്ളാനിംഗ് ബോർഡ് മുൻ മെമ്പർ സി.പി.ജോൺ മോഡറേറ്ററായി.എം.എൽ.എമാരായ വി.ഡി.സതീശൻ, കെ.എൻ.എ.ഖാദർ, മോൻസ് ജോസഫ്, എം.ഉമ്മർ,ഡോ.എൻ.ജയരാജ്, കെ.എസ്.ശബരീനാഥ്, പ്ളാനിംഗ് ബോർഡ് മുൻ വൈസ് ചെയർമാൻ കെ.എം.ചന്ദ്രശേഖർ, മുൻ മെമ്പർ വി.എസ്.വിജയരാഘവൻ, , സാമ്പത്തിക വിദഗ്ദ്ധരായ ഡോ.വി.എ.പ്രകാശ്, ജോസ് സെബാസ്റ്റ്യൻ, നായിഡു, ട്രഷറി മുൻ ഡയറക്ടർ കെ.വി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.