പാർട്ടിയുടെ ദേശീയ പദവിക്കുനേരെ പോലും തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദ്യമുയർത്തുന്ന ഒരു സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ഡി. രാജ സി.പി.ഐ. ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കാൻ പോകുന്നത് . ആരോഗ്യകാരണങ്ങളാൽ സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് രാജ പാർട്ടിയെ നയിക്കാൻ നിയുക്തനാകുന്നത്. ഒൻപത് പതിറ്റാണ്ടിന്റെ പഴക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആദ്യമായി ദളിതനായ ഒരു നേതാവ് അമരക്കാരനായെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ പാർട്ടിയുടെ സെക്രട്ടേറിയറ്റ് അംഗമായ രാജയുടെ രാജ്യസഭാ അംഗത്വം നാളെ അവസാനിക്കുകയാണ്.
ഇരുസഭകളിലുമായി സി.പി.ഐയുടെ അംഗബലം അതോടെ മൂന്നായി ചുരുങ്ങും. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും പഴക്കംചെന്ന പാർട്ടിയാണെങ്കിലും അതനുസരിച്ച് വളരാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ദേശീയരാഷ്ട്രീയം അടിമുടി മാറിയത് ഉൾപ്പെടെ അതിന് കാരണങ്ങൾ പലതാണ്. നിയമനിർമ്മാണ സഭകളിലെ അംഗബലം വച്ചുകൊണ്ട് പാർട്ടി പിന്നിലാണെങ്കിലും ദേശീയ പ്രശ്നങ്ങളിൽ പാർട്ടി പുലർത്തുന്ന നയസമീപനങ്ങൾ എന്നും ഏറെ പ്രസക്തവും ജനാഭിമുഖ്യമുള്ളതുമാണ്. രാജ്യം പതിറ്റാണ്ടുകളായി കളങ്കപ്പെടാതെ സൂക്ഷിച്ചുപോന്ന മൂല്യങ്ങൾക്കുവേണ്ടി ഇപ്പോഴും ഉച്ചത്തിൽ ശബ്ദിക്കാനും അതിനുവേണ്ടി പോരാടാനും പാർട്ടി ഇന്നും മുൻനിരയിൽത്തന്നെ ഉണ്ട്. സാമൂഹിക-രാഷ്ട്രീയ പോരാട്ടങ്ങളിൽ തുടർന്നും പാർട്ടിയെ നയിക്കാനുള്ള ചരിത്ര ദൗത്യമാണ് ഡി. രാജയിൽ വന്നുചേർന്നിരിക്കുന്നത്. തിരുത്തൽ ശക്തിയായി നിൽക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലെ മുഖ്യഘടകങ്ങളിലൊന്നായ സി.പി.ഐയെ ഇന്നത്തെ ദേശീയ രാഷ്ട്രീയ അവസ്ഥയിൽ ലക്ഷ്യബോധത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ സാധാരണക്കാരനിൽ സാധാരണക്കാരനും ജനമനസ് അടുത്തറിഞ്ഞവനുമായ രാജയ്ക്ക് കഴിയുമെന്നുതന്നെ പ്രതീക്ഷിക്കാം.
ഒന്നായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നു മാറിയതിന്റെ ഏറ്റവും വലിയ ക്ഷീണം ബോദ്ധ്യപ്പെടുത്തുന്നതാണ് സമീപകാലത്തെ രാജ്യത്തെ ഒാരോ തിരഞ്ഞെടുപ്പും. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യത്തിനും ലയനത്തിനും വേണ്ടി പാർട്ടി ഏറെ നാളായി വാദിക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം അനിവാര്യമാണെന്ന് ഏറെ ബോദ്ധ്യമുള്ള നേതാവാണ് രാജ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷവും ഇതേ നിലപാട് അദ്ദേഹം തുറന്നു പറയുകയുണ്ടായി. മോദി സർക്കാരിന്റെ ജനവിരുദ്ധമായ നയങ്ങളെ പ്രതിരോധിക്കാൻ ഇടതുപാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ പാർട്ടികൾ സങ്കുചിത താത്പര്യങ്ങൾ മാറ്റിവച്ച് ഒരുമിക്കണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.
വെല്ലൂരിലെ ചിത്താത്തൂർ ഗ്രാമത്തിൽ നിരക്ഷരായ ദരിദ്രകർഷകത്തൊഴിലാളി ദമ്പതികളുടെ പുത്രനായി ജനിച്ച ഡി. രാജയ്ക്ക് രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരും ദരിദ്രരും നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. നിത്യജീവിതത്തിൽ ആവോളം ദുഃഖവും അവമതിയുമൊക്കെ അനുഭവിച്ച ആളാണദ്ദേഹം. ജീവിച്ച ചുറ്റുപാടുകളാണ് കരുത്തുറ്റ നേതാവായി ജനകീയ സമരങ്ങളെ നയിക്കാൻ അദ്ദേഹത്തിന് കരുത്തുനൽകിയത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽവന്ന് ദേശീയ തലംവരെ എത്തിയ രാജയുടെ ലളിത ജീവിതം രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും അനുകരണീയ മാതൃകയാണ്. ദാരിദ്ര്യത്തിലും പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയില്ലെന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സൗഭാഗ്യം. ജനകീയ ആവശ്യങ്ങൾക്കായി ധാരാളം ഉപവാസ സമരങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ജീവിതത്തിന്റെ ആദ്യനാളുകളിൽ പട്ടിണി സാധാരണമായിരുന്നതിനാൽ ഉപവാസ സമരങ്ങൾ ഒരിക്കലും തന്നെ ക്ഷീണിപ്പിച്ചിട്ടില്ലെന്ന് പാതി തമാശയായി അദ്ദേഹം പറയുമായിരുന്നു.
മൂല്യത്തകർച്ചയും ജാതിവിവേചനവും രാഷ്ട്രീയത്തെ പരമാവധി ദുഷിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് രാജയെപ്പോലുള്ള സംശുദ്ധനായ ഒരു നേതാവ് സി.പി.ഐയുടെ അമരത്ത് വരുന്നത് പലതുകൊണ്ടും ഗുണകരമാണ്. അദ്ധ്യാപകന്റെയും സർക്കാർ ഉദ്യോഗസ്ഥന്റെയും കുപ്പായം ഉപേക്ഷിച്ചാണ് രാജ സജീവരാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ഉറച്ച പോരാളിയെന്ന നിലയിൽ ശ്രദ്ധേയനായ രാജ പാർട്ടി പദവികളിലെത്തിയപ്പോഴും മാതൃകാപരമായ പ്രവർത്തനശൈലി പുലർത്തുക വഴി ഏറെ ശ്രദ്ധേയനായി. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതിയിൽ സി.പി.ഐയ്‌ക്കോ ഇടതുപക്ഷത്തെ മറ്റ് ഏതെങ്കിലും പാർട്ടിക്കോ തനിച്ച് ഒന്നും ചെയ്യാനാകില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്ന നേതാവാണ് രാജ. സാമൂഹിക നീതിക്കും ജാതിവിവേചനങ്ങൾക്കുമെതിരെ ഒന്നിച്ചുനിന്നുള്ള പോരാട്ടമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇൗ യാഥാർത്ഥ്യം എല്ലാ മതേതര കക്ഷികളും തിരിച്ചറിയണം. പലതട്ടുകളിൽ നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇക്കാര്യത്തിൽ പ്രത്യേകം ഉത്തരവാദിത്വമുണ്ടെന്ന അഭിപ്രായക്കാരനാണ് രാജ.
അടിസ്ഥാനവർഗത്തിനു വേണ്ടി നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതൃസ്ഥാനത്തെത്താൻ ഒരു ദളിതൻ തൊണ്ണൂറുവർഷം കാത്തിരിക്കേണ്ടി വന്നു എന്നത് തന്നെ വലിയ വിരോധാഭാസമാണ്. ജാതിവിവേചനത്തിന്റെ ബലമേറിയ ഉരുക്ക് കോട്ടയെയാണ് അത് എടുത്തു കാട്ടുന്നത്. ഏറെ വൈകിയാണെങ്കിലും സി.പി.ഐയുടെ തലപ്പത്ത് അങ്ങനെ ഒരാൾ എത്തിയെന്നത് അഭിമാനകരമാണ്. ഡി. രാജയെപ്പോലെ ശുദ്ധരിൽ ശുദ്ധനായ ഒരാളായത് എന്തുകൊണ്ടും സന്തോഷകരമായ കാര്യമാണ്.