കല്ലമ്പലം: ദേശീയപാതയിൽ ആറ്റിങ്ങൽ മുതൽ പാരിപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ ചെറുതും വലുതുമായ ആയിരത്തോളം കുഴികൾ. അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം തെറ്റിയുള്ള അപകടങ്ങൾ നിത്യേന പെരുകുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്ന എറണാകുളം സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കല്ലമ്പലം ജംഗ്ഷന് സമീപം കുഴിയിൽ വീണ് കാറിന്റെ ടയറുകൾ പഞ്ചറായി. ഈ സമയം റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

രണ്ട് ദിവസത്തിന് മുൻപാണ് പള്ളിക്കൽ സ്വദേശികളായ ദമ്പതികളുടെ ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം തെറ്റി ഇരുവർക്കും പരിക്കേറ്റത്.

കഴിഞ്ഞ മാസമാണ് പറകുന്ന്‍ ആനാംപൊയ്ക സ്വദേശി രാധാകൃഷ്ണൻ ബൈക്കിൽ സഞ്ചരിക്കവേ ഇരുപത്തെട്ടാം മൈലിന് സമീപത്തെ കുഴിയിൽ തെന്നി വീണ് കാലിന് പരുക്കേറ്റത്. ഇന്നലെ രാത്രി തട്ടുപാലത്തെ കുഴിയിൽ വീണ് ബൈക്ക് യാത്രികരായ ദമ്പതികൾക്കും പരുക്കേറ്റിരുന്നു. റോഡിൽ വീണ ഇവരെ ബസ് കാത്തു നിന്നവരാണ് രക്ഷപ്പെടുത്തിയത്. ചെറിയ കുഴികൾ വലിയ കുഴികളായി രൂപപ്പെട്ടു വരുന്നതോടെ അപകടങ്ങളുടെ തീവ്രതയും വർദ്ധിക്കുന്നു. മഴയായതോടെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴിയുടെ ആഴം മനസിലാകാതെയാണ് കൂടുതലും അപകടങ്ങൾ നടക്കുന്നത്. റോഡിൽ രൂപപ്പെട്ട കുഴികളടയ്ക്കുകയോ റീടാറിംഗ് ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

desheeyapathayile-kuzhika