mullapalli-ramachandran

തിരുവനന്തപുരം: നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ വീടുകൾ തോറും കയറിയിറങ്ങുന്ന സി.പി.എം, പാർട്ടിക്ക് പറ്റിയ തെറ്റുകൾ ഏറ്റുപറയുന്നതിനു പകരം അവയെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തിയ കിരാതവാഴ്ച സർവകലാശാലയിലും പി.എസ്‌.സിയിലുമുള്ള വിശ്വാസ്യതയാണ് തകർത്തത്.
യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്‌.ഐ പ്രവർത്തകൻ അഖിൽ ചന്ദ്രനെ കുത്തിവീഴ്ത്തിയിട്ട് പത്തു ദിവസം പിന്നിട്ടിട്ടും ലുക്കൗട്ട് നോട്ടീസിലെ പത്ത് പ്രതികളിൽ മൂന്നു പേർ ഇപ്പോഴും പുറത്താണ്. ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മേൽ കുറ്റംചാർത്തിയ സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് അടിയന്തരമായി തിരുത്തണം. സാജന്റെ സ്ഥാപനത്തിന് അകാരണമായി ലൈസൻസ് നിഷേധിച്ച ആന്തൂർ നഗരസഭാദ്ധ്യക്ഷയ്‌ക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തരമായി നടപടി സ്വീകരിക്കണം.
സി.പി.എം വിമതൻ സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ അതേ വാഹനത്തിൽ എ.എൻ. ഷംസീർ എം.എൽ.എ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പിണറായിയുടെ പൊലീസ് ഈ വാഹനം തപ്പി നടക്കുമ്പോഴാണ് ഈ പരസ്യമായ വെല്ലുവിളി. തന്നെ കൊല്ലാൻ ശ്രമിച്ചതിനു പിന്നിൽ ഷംസീറാണെന്ന് നാലു തവണ മൊഴി നല്കിയിട്ടും എം.എൽ.എയുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കടലോരമക്കളെ അടച്ചാക്ഷേപിച്ച ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ, സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ഗർവിന്റെയും പണക്കൊഴുപ്പിന്റെയും ബിംബമാണെന്നും അദ്ദേഹം പറഞ്ഞു.