ബാലരാമപുരം: അക്രമസംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ബാലരാമപുരം ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നൈറ്റ് പെട്രോളിംഗ് ശക്തമാക്കുന്നതിലേക്കായി ബീറ്റ് ബോക്സുകൾ സ്ഥാപിച്ചു. ഇനിമുതൽ രാത്രികാല പെട്രോളിംഗിലെ ജനകീയ ആക്ഷേപങ്ങൾ ഒഴിവാകുമെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ ഇലക്ട്രോണിംഗ് സംവിധാനത്തിൽ മിക്ക സ്ഥലങ്ങളിലും ബീറ്റ് ബോക്സുകൾ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തനം നിലച്ചിരുന്നു. ബാലരാമപുരം ജനമൈത്രി പൊലീസ്, ഫ്രാബ്സ്, വ്യാപാരി വ്യവസായി ഏകോപനസമിതി ബാലരാമപുരം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബീറ്റ് ബോക്സുകൾ സ്ഥാപിക്കാൻ നടപടിയായത്. ഇതിനുവേണ്ട സാമ്പത്തിക സഹായം ഫ്രാബ്സ്, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവർ ചേർന്നാണ് നൽകിയത്. തേമ്പാമുട്ടം ഒരുമ റസിഡൻസ് അസോസിയേഷനിൽ ബീറ്റ് ബോക്സ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ബാലരാമപുരം സി.ഐ ജി.ബിനു നിർവഹിച്ചു. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, പി.ആർ.എ എ.സജീവ്, വ്യാപാരി വ്യവസായി ഏകോപനസമിതി ട്രഷറർ രാമപുരം മുരളി. ശിവകുമാർ, എസ്.ശശികുമാർ എന്നിവർ സംസാരിച്ചു.
രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയുള്ള സമയങ്ങളിൽ നൈറ്റ് പട്രോളിംഗ് നടത്തിയതായിട്ടുള്ള വിവരം ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ബീറ്റ് ബോക്സിൽ നിക്ഷേപിക്കും. പട്രോളിംഗിനിടെ മോഷണം, അക്രമസംഭവങ്ങൾ എന്നിവ നടന്നുവെന്ന് ആക്ഷേപമുയർന്നാൽ സി.ഐ, എസ്.ഐ ഉൾപ്പെടെയുള്ളവർ ബീറ്റ് ബോക്സ് പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. ബീറ്റ് ബോക്സിന്റെ ഒരു താക്കോൽ സി.ഐ യുടെ പക്കലും മറ്റൊന്ന് ജനറൽ ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥന്റെ കൈവശവുമായിരിക്കും. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ നൈറ്റ് പെട്രോളിംഗ് നടത്തുന്ന സിവിൽ പൊലീസ് ഓഫീസർക്ക് താക്കോൽ കൈമാറും.
അടുത്തിടെ വിവിധ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മോഷണവും മദ്യപാനവും അനിഷ്ടസംഭവങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ അസോസിയേഷൻ ഭാരവാഹികളിൽ നിന്നും വ്യാപക പരാതിയുണ്ടായി.തുടർന്നാണ് ബീറ്റ് ബോക്സുകൾ സ്ഥാപിക്കുന്നത്.