തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെ വ്യക്തിഗതമായി ശ്രദ്ധിച്ച് ഇടപെടുന്നതിന് അദ്ധ്യാപകർക്ക് പ്രത്യേക ചുമതല നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പ്രൈമറി തലത്തിൽ ഒരദ്ധ്യാപകന് ശരാശരി 24 കുട്ടികൾ, ഹൈസ്‌കൂളിൽ 29, ഹയർ സെക്കൻഡറിയിൽ 28, വൊക്കേഷൻ ഹയർ സെക്കൻഡറിയിൽ 14 എന്നിങ്ങനെ ചുമതല നൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ അംഗീകരിക്കാമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിലയിരുത്തൽ യോഗത്തിൽ മുഖ്യമന്ത്റി പറഞ്ഞു.
കുട്ടികളുടെ ചുമതലക്കാരായി വരുമ്പോൾ അവരുടെ സ്വഭാവ വൈകൃതങ്ങൾ അദ്ധ്യാപകർക്ക് മനസ്സിലാക്കാനാകും. വീട്ടിലെ സാഹചര്യങ്ങളും കുട്ടികളെ മാനസിക പിരിമുറുക്കത്തിലാക്കുന്നുണ്ട്. അദ്ധ്യാപകൻ തന്റെ ചുമതലയിൽ വരുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും അവർക്ക് താല്പര്യമുള്ളതും അധിക സഹായം വേണ്ടതുമായ മേഖലകൾ കണ്ടെത്തി സഹായിക്കുകയും വേണം.
ഒക്ടോബറോടെ കേരളം വിദ്യാഭ്യാസ രംഗത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറും. കൈറ്റിന്റെ മേൽനോട്ടത്തിൽ വിദ്യാലയങ്ങൾ സാങ്കേതിക സൗഹൃദമായിക്കഴിഞ്ഞു. 4,752 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 45,000 ഹൈടെക് ക്ലാസ് മുറികളായി. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലും ഹൈടെക് ലാബുകൾ പ്രവർത്തനം തുടങ്ങി.
പ്രൈമറി സ്‌കൂളൂകളിൽ 55,086 ലാപ് ടോപ്പുകൾ, യു.എസ്.ബി സ്പീക്കറുകൾ, 23,170 പ്രൊജക്ടറുകൾ, 5644 മൾട്ടി ഫംഗ്ഷണൽ പ്രിന്ററുകൾ, 3,248 എൽ.ഇ.ഡി. ടെലിവിഷനുകൾ എന്നിവ നൽകി. അദ്ധ്യാപകർക്ക് ഹൈടെക് പരിശീലനവും നൽകി.
കുട്ടികൾക്ക് കൈത്തറി വസ്ത്രങ്ങൾ നൽകുന്നതിൽ വിദ്യാഭ്യാസ വകുപ്പും ഭാഗഭാക്കാകണം. ഉച്ചഭക്ഷണ പരിപാടി കൃത്യമായി വിലയിരുത്തണം. വേണ്ടത്ത കുട്ടികളില്ലാത്ത സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഉദ്യോഗസ്ഥരെയോ മിഷൻ പ്രതിനിധികളെയോ ഇതിന് നേതൃത്വം വഹിക്കാൻ ചുമതലപ്പെടുത്തണം. നാട്ടുകാരെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്- മുഖ്യമന്ത്റി പറഞ്ഞു. വിദ്യാഭ്യാസ മന്ത്റി പ്രൊഫ. സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, മിഷൻ കോ-ഒാർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.