sv-unnikrishnan
എസ്.വി. ഉണ്ണികൃഷ്ണൻ നായർ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രജിസ്ട്രാറും മുൻ ജില്ലാ ജഡ്ജിയുമായ എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ പുതിയ നിയമസഭാ സെക്രട്ടറി ആവും. വി.കെ. ബാബുപ്രകാശ് വിരമിച്ച ഒഴിവിലാണ് നിയമിതനാകുന്നത്.

ഹൈക്കോടതി നൽകിയ മൂന്നംഗ പാനലിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ നായരെ തിരഞ്ഞെടുത്തത്. ജില്ലാ ജഡ്ജിമാരായ കെ.എസ്. ശരത്ചന്ദ്രൻ, മധുകുമാർ എന്നിവരും പാനലിലുണ്ടായിരുന്നു. സ്പീക്കറും മുഖ്യമന്ത്രിയും ചേർന്നാണ് നിയമനം നടത്തേണ്ടത്. പ്രമുഖ ചെറുകഥാകൃത്ത് എസ്.വി. വേണുഗോപൻ നായരുടെ സഹോദരനാണ് ഉണ്ണിക്കൃഷ്ണൻ നായർ.

നെയ്യാറ്റിൻകര കാരോട് വില്ലേജിൽ പി. സദാശിവൻ തമ്പിയുടെയും ജെ. വിശാലാക്ഷി അമ്മയുടെയും മകനായി ജനിച്ച ഉണ്ണിക്കൃഷ്ണൻ നായർ, തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. നെയ്യാറ്റിൻകരയിൽ അഡ്വ. കെ. രഘുനാഥന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. 1995ൽ മുൻസിഫ് മജിസ്‌ട്രേട്ട് ആയി ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. ഭാര്യ എസ്. ശ്യാമ നെയ്യാറ്റിൻകര ഗവ. ജെ.ബി.എസിൽ അദ്ധ്യാപികയാണ്. ഏക മകൾ ഡോ. ആരതി നെയ്യാറ്റിൻകര നിംസ് ഡെന്റൽ കോളേജിൽ ഹൗസ് സർജൻ.