chicken

തിരുവനന്തപുരം: കേരളത്തിലെ കോഴി ഇറച്ചി വിപണിയിൽ തമിഴ്നാടിന്റെ കുത്തകയും വിലയുടെ പേരിലുള്ള മുതലെടുപ്പും രണ്ട് മാസത്തിനകം കുറയും. നമ്മുടെ സ്വന്തം കേരള ചിക്കന്റെ വരവോടെ.

സംസ്ഥാനത്ത് തന്നെ കോഴി ഇറച്ചി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കേരള ചിക്കൻ പദ്ധതി സെപ്തംബറിൽ യാഥാർത്ഥ്യമാവും. കുടുംബശ്രീക്കാണ് ചുമതല. ബ്രോയിലർ കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച 'കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്' മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇറച്ചി വിപണനത്തിന് 'കുടുംബശ്രീ ഷോപ്പി' എന്ന പേരിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 93 നഗരസഭകളിലും ഷോപ്പ് തുറക്കും. ഹോർമോണൊന്നും കുത്തിവയ്ക്കാത്ത ശുദ്ധമായ ഇറച്ചിയാവും വിപണിയിലെത്തുക.

മണിക്കൂറിൽ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്കിംഗ്

പൂർണമായും ആട്ടോമാറ്റിക്കായ പ്ലാന്റുകളിലൂടെ മണിക്കൂറിൽ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്ക് ചെയ്യാനാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോന്ന് വീതം യൂണിറ്റുകളാണ് ആരംഭിക്കുക. തിരുവനന്തപുരത്ത്‌ മേനംകുളത്ത് ആദ്യം പ്ലാന്റ് സ്ഥാപിക്കും. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി. മറ്റ് റീജിയണൽ യൂണിറ്റുകളുടെ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്നു. മൂന്നു യൂണിറ്റുകളിലായി ആഴ്ചയിൽ 60000 കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രീഡർ ഹൗസുകൾ ഉണ്ടാകും. യന്ത്രസാമഗ്രികൾക്ക് ജർമ്മൻ കമ്പനിയായ ബിഗ് ഡച്ച്മാൻ, ഹോളണ്ടിലെ മെയ്ൻ, ഡെൻമാർക്കിലെ ഹർസ്‌ലേവ് എന്നിവർക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.

45 ദിവസം, വരുമാനം 52000 രൂപ വരെ

2000 കോഴികളെ വളർത്തുന്ന ഒരു കർഷകന് 45 ദിവസം കൊണ്ട് 52,000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. കമ്പനിയിൽ 1000 വനിതാ കർഷകരാണ് നിലവിൽ അംഗങ്ങൾ. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഡയറക്ടർ ബോർഡിൽ. പ്രസന്നകുമാരിയാണ് മാനേജിംഗ് ഡയറക്ടർ. ഷൈജി, ഉഷാറാണി എന്നിവർ ഡയറക്ടർമാർ. മുഴുവൻ അംഗങ്ങൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തും.

പ്രവർത്തനംഇങ്ങനെ:

 പേരന്റ് ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന മുട്ടകൾ ഹാച്ചറികളിൽ വച്ച് വിരിയിക്കും

 ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ കുടുംബശ്രീ ബ്രോയിലർ ഫാമുകൾക്ക് നൽകും

 37 - 42 ദിവസം വളർച്ചയെത്തിയ കോഴികളെ തിരികെ എടുത്ത്‌ വിപണിയിലെത്തിക്കും

' '' നല്ല കോഴി ഇറച്ചി ഉറപ്പാക്കുന്നതോടൊപ്പം കർഷകർക്ക് മികച്ച വരുമാനവും ലഭിക്കും''-

-എസ്. ഹരികിഷോർ, എക്സിക്യൂട്ടിവ് ഡയറക്ടർ, കുടുംബശ്രീ