road

വിതുര:വിനോദസഞ്ചാരത്തിന് പേരുകേട്ട പൊന്മുടി റോഡിലും ഉപ റോഡുകളിലും മാലിന്യം നിറഞ്ഞത് സഞ്ചാരികളേയും നാട്ടുകാരേയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

റോഡരികിലെ മാലിന്യം ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നു.

പകർച്ചവ്യാധികൾ വ്യാപിക്കുന്നതായും പരാതി ഉയരുകയാണ്. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലും,ചാരുപാറ,ചായം പാലോട് റോഡിലുമാണ് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത്.ഇറച്ചി വിൽപ്പനശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിലും,പ്ലാസ്റ്റിക് കവറുകളിലും നിറച്ച് രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ വീഥികളിൽ കൊണ്ടിടുകയാണ് പതിവ്.മാസങ്ങളായി ഇൗ പ്രതിഭാസം തുടരുകയാണ്.അനവധി തവണ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല.പൊൻമുടി വിതുര റൂട്ടിൽ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് വ്യക്തമായി കാണാം.മാത്രമല്ല ഇറച്ചി വേസ്റ്റ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറുകളിൽ കൊണ്ടിടുന്നുണ്ട്.വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ ലൈസൻസില്ലാതെ അനവധി അറവ് ശാലകൾ പ്രവർത്തിക്കുന്നുണ്ട്.അടുത്തിടെ തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട്ടിൽ രണ്ട് വീടുകളിലെ കിണറുകളിൽ വരെ ഇറച്ചി വേസ്റ്റ് നിക്ഷേപിച്ച സംഭവവും അരങ്ങേറി.മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ പനി പടർന്നു പിടിക്കുകയാണ്. വിതുര ഗവ. താലൂക്ക് ആശുപത്രി,തൊളിക്കോട്,മലയടി,ആര്യനാട്,പാലോട് ആശുപത്രികളിൽ പനി ബാധിതരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ഡെങ്കിപനി വരെ പിടികൂടി.സാംക്രമികരോഗങ്ങൾ പടരുമ്പോൾ മാലിന്യനിർമ്മാർജനപ്രവർത്തനങ്ങൾ കടലാസിലൊതുങ്ങുകയാണ്.