chandrayan-2

തിരുവനന്തപുരം: ചന്ദ്രനിലേക്ക് രണ്ടാം കുതിപ്പ് നടത്തുമ്പോൾ ഇന്ത്യ ലക്ഷ്യമിടുന്നത് അഭിമാന വിജയം. ബഹിരാകാശഗവേഷണ മേഖലയിൽ ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പും ശാസ്ത്രശക്തിയുടെ വിളംബരവുമാണത്.

ഒന്നാം ചന്ദ്രയാൻ ദൗത്യത്തിൽ കണ്ടെത്തിയ ജലസാന്നിദ്ധ്യത്തിന്റെ കൂടുതൽ വിശദാംശങ്ങളും അതിന് പുറമെ സമാഹരിക്കും. ഒന്നാം ചന്ദ്രയാനിൽ ജലസാന്നിദ്ധ്യം കണ്ടെത്താൻ ഇന്ത്യയ്ക്കായത് ഒട്ടൊരു അദ്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഇത് വിജയിക്കുകയാണെങ്കിൽ ബഹിരാകാശ ഗവേഷണപദ്ധതികളുടെ ഒരു കേന്ദ്രമായി ചന്ദ്രനെ മാറ്റിത്തീർക്കുന്നതിനെ കുറിച്ചാണ് ലോകം ചിന്തിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചുള്ള ഗവേഷണ പദ്ധതികൾക്ക് രണ്ടുവർഷത്തിനുള്ളിൽ അമേരിക്ക തുടക്കമിടും. അതിന് മുന്നോടിയായി അടുത്ത വർഷം ചെെനയും പിന്നീട് യൂറോപ്യൻ യൂണിയൻ, റഷ്യ എന്നിവയും ചന്ദ്രദൗത്യവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ഇതിന് പുറമെ ഐ.എസ്.ആർ.ഒയുടെ രണ്ടാം ചന്ദ്രദൗത്യം ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം മൂന്ന് ഐസോടോപ്പിന്റെ സാദ്ധ്യതകളാണെന്ന് റിപ്പോർട്ട്. മാലിന്യമുക്തമായ ഊർജസ്രോതസായാണ് ഹീലിയത്തെ കണക്കാക്കുന്നത്. ഇതിന്റെ ഖനനസാദ്ധ്യതകൾ ചന്ദ്രയാൻ 2 ന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ചന്ദ്രനിൽ സുലഭമായി കാണുന്ന ഒന്നാണ് ഹീലിയം 3 ഐസോടോപ്പ്. ചന്ദ്രനിൽ ഏകദേശം 10 ലക്ഷം മെട്രിക് ടൺ ഹീലിയം മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഒരു ടണ്ണിന് ഏകദേശം 500 കോടി ഡോളറാണ് നിലവിൽ മൂല്യമായി കണക്കാക്കുന്നത്.
ഇതിൽ കാൽഭാഗത്തോളം ഭൂമിയിലെത്തിക്കാൻ സാധിച്ചാൽ അത് വലിയ നേട്ടമായിരിക്കും. ഇപ്പോഴത്തെ ഊർജ്ജ ഉപഭോഗം കണക്കിലെടുത്താൽ ചന്ദ്രനിലെ ഹീലിയം മൂന്ന് പൂർണമായും ഉപയോഗിക്കാൻ സാധിച്ചാൽ, മൂന്ന് നൂറ്റാണ്ടോളം ഭൂമിയിലെ ഊർജ്ജാവശ്യം നിറവേറ്റാൻ സാധിക്കും. അതിനാൽത്തന്നെ ആ ഊർജ്ജസ്രോതസിനെ ഭൂമിയിലെത്തിക്കാൻ ശേഷി നേടുന്നത് ഏത് രാജ്യമാണോ അവർ വലിയ നേട്ടമാണ് കൈവരിക്കുക. ഇക്കാര്യം മുന്നിൽക്കണ്ടാണ് ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പ്. നിലവിലെ സാങ്കേതികവിദ്യകൾ ഹീലിയം മൂന്നിനെ ഭൂമിയിലെത്തിക്കാൻ പര്യാപ്തമല്ല. ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകളിൽ ഊർജോത്പാദനം എളുപ്പമാക്കാൻ ഹീലിയം മൂന്നിന് സാധിക്കും.