chelikkalamaaya-road

കല്ലമ്പലം : റോഡ്‌ ചതുപ്പ് നിലം പോലെയായി. കാൽ നടയാത്ര പോലും അസാധ്യമായതോടെ പ്രദേശവാസികൾ ദുരിതത്തിലുമായി. നാവായിക്കുളം പഞ്ചായത്തിലെ കരിമ്പുവിള - കുടവൂർ റോഡിൽ തെങ്ങുവിളയ്ക്ക് സമീപമാണ് റോഡ്‌ ചെളിക്കുളമായി മാറിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും പൂർണമായും സ്തംഭിച്ചു. പ്രദേശവാസിയായ ഒരാൾ സ്വന്തം വസ്തുവിൽ നിന്നെടുത്ത മണ്ണ് ടിപ്പറിൽ കൊണ്ടുവന്ന് ഇവിടെ തട്ടിയതാണ് ടാർ ചെയ്യാത്ത റോഡ്‌ മഴ പെയ്തതോടെ ചെളിക്കുളമാകാ൯ കാരണം. വാഹനങ്ങൾ ചെളിയിൽ പുതയാൻ തുടങ്ങിയതോടെ ഇരു ചക്ര വാഹനം പോലും ഇതുവഴി വരാതായി. സ്കൂൾ ബസും വരുന്നില്ല. ഈ മേഖലയിലെ പത്ര വിതരണം മുടങ്ങി. പാലിന്റെയും മത്സ്യത്തിന്റെയും വാഹനവും വരാതായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. അത്യാസന്ന നിലയിലുള്ള രോഗികളെ അശുപത്രിയിലെത്തിക്കാനും ബുദ്ധിമുട്ടേറെയാണ്. സ്വകാര്യ വ്യക്തി കൊണ്ടിട്ട മണ്ണ് നീക്കം ചെയ്ത് റോഡ്‌ പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യം ശക്തമാണ്.