തിരുവനന്തപുരം: ഐ.എസ്.ആർ.ഒ തുടങ്ങിയിട്ട് അരനൂറ്റാണ്ട്. തുമ്പയിൽ നിന്ന് ഉയർന്നുപൊങ്ങിയ ചെറിയ സൗണ്ടിംഗ് റോക്കറ്റിൽ തുടങ്ങി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവറിനെ ഇറക്കുന്നതു വരെയുള്ള നേട്ടങ്ങൾ. 1969- ൽ വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഐ.എസ്.ആർ.ഒയ്ക്ക് തുടക്കമിട്ടത് വലിയ സ്വപ്നങ്ങളോടെ. അന്ന് അമേരിക്ക ചന്ദ്രനിൽ മൂന്നു പേരെ ഇറക്കിയിരുന്നു. ചന്ദ്രനിലെ മനുഷ്യദൗത്യകാലത്ത് തുടക്കമിട്ട ശാസ്ത്രസ്ഥാപനം അമ്പതാണ്ട് തികയ്ക്കുമ്പോൾ അമേരിക്കയുടെ നേട്ടത്തിന് അടുത്തെത്തി എന്നു പറയുന്നത് ഏതു ഭാരതീയനും അഭിമാനാർഹമായ നേട്ടം.
സ്വന്തം വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി നിർമ്മിക്കുന്നതും, ശ്രീഹരിക്കോട്ടയിൽ സ്വന്തം ഉപഗ്രഹ വിക്ഷേപണ നിലയം സ്ഥാപിച്ചതും, കൂടുതൽ ഭാരമേറിയ ഉപഗ്രഹ വിക്ഷേപണത്തിന് ജി.എസ്.എൽ.വി റോക്കറ്റ് നിർമ്മിച്ചതും, റോക്കറ്റ് സാങ്കേതികവിദ്യയായ ക്രയോജനിക് എൻജിൻ സ്വന്തമായി വികസിപ്പിച്ചതും ഐ.എസ്.ആർ.ഒയുടെയും ഇന്ത്യയുടെയും നേട്ടങ്ങളാണ്. ഇന്ന് 5000 കിലോ വരെ ഭാരമേറിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ഇന്ത്യയ്ക്കു ശേഷിയുണ്ട്.
ചൊവ്വയിലേക്ക് ആദ്യശ്രമത്തിൽത്തന്നെ പേടകത്തെ എത്തിച്ചതും ചന്ദ്രനിൽ പേടകത്തെ എത്തിക്കാനായതും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് റെക്കാഡുമിട്ടു. കൂടാതെ, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് ഒന്നിലേറെ ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ വിക്ഷേപിക്കാനും കഴിയും. അമേരിക്കയുടെ ജി.പി.എസ് പോലെ ഇന്ത്യൻ മേഖലയിൽ സ്വന്തമായ നാവിക് ഗതിനിർണയ സംവിധാനമുള്ള രാജ്യവും നമ്മുടേതാണ്. ഇതുവരെ 113 ഉപഗ്രഹങ്ങളാണ് ഇന്ത്യയുടേതായി ബഹിരാകാശത്തെത്തിയത്. ഇതിൽ 106 എണ്ണവും വിക്ഷേപിച്ചത് ഇന്ത്യയിൽ നിന്നുതന്നെ. 28 രാജ്യങ്ങളുടേതായി 239 ഉപഗ്രഹങ്ങളും ഇന്ത്യ ഇതിനകം ബഹിരാകാശത്ത് എത്തിച്ചു.
1981 ജൂൺ 19ന് ആദ്യ പരീക്ഷണ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചാണ് നേട്ടങ്ങൾക്ക് ഐ.എസ്.ആർ.ഒ. തുടക്കമിട്ടത്.1982 ഏപ്രിൽ 10- ന് ഇൻസാറ്റ് എ.യു വിക്ഷേപിച്ച് ഇൻസാറ്റ് പരമ്പരയ്ക്ക് തുടക്കമിട്ടു. 1988 മാർച്ച് 17ന് ഐ.ആർ.എസ് 1എ എന്ന ആദ്യ വിദൂരസംവേദന ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചു. 1991ൽ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി) വികസിപ്പിച്ചെടുത്തു. 2004 ൽ ജി.എസ്.എൽ.വി. വിജയകരമായി വിക്ഷേപിച്ചു.
2008 ഒക്ടോബർ 22ന് ചന്ദ്രയാൻ-1 വിക്ഷേപിച്ചു. 2013 ൽ മംഗൾയാൻ വിക്ഷേപണം. 2016 ൽ 104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റിൽ വിക്ഷേപിച്ച് ലോകത്തെ അമ്പരപ്പിച്ചു. 2017 ൽ നാവിക് ഗതിനിർണയ സംവിധാനം സ്ഥാപിച്ചു.