ആറ്റിങ്ങൽ: ഒരു കുടുംബത്തിന്റെ താങ്ങും തണലുമായ യുവാവ് ഇരു കിഡ്നികളും തകരാറിലായി കിടപ്പിലായതോടെ വൃദ്ധ ദമ്പതികൾ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. ആറ്റിങ്ങൽ അവനവഞ്ചേരി ടോൾമുക്ക് മാടൻനട അയ്യരുവിള വീട്ടിൽ സുരേന്ദ്രൻ നായരുടെയും ശ്യാമള അമ്മയുടെയും മകൻ വിഷ്ണു.എസ്. നായരാണ്(31) ഒരു വർഷമായി കിഡ‌്നി തകരാറുകാരണം ബുദ്ധിമുട്ടുന്നത്.
കൂലിപ്പണിക്കാരായ രക്ഷിതാക്കളുടെ ഏക ആശ്രയമായ വിഷ്ണു ഗൾഫിലായിരുന്നു. കടുത്ത വയറുവേദനയെത്തുടർന്ന് നാട്ടിലെത്തി പരിശോധിച്ചപ്പോൾ ഒരു കിഡ്നി തകരാറിലാണെന്ന് കണ്ടെത്തി. ഇതിന് ചികിത്സ നടത്തി വരവേ രണ്ടാമത്തെ കിഡ്നിയും പണിമുടക്കി. ഇതോടെ കഴിഞ്ഞ മൂന്നു മാസമായി ഡയാലിസ് നടത്തിയാണ് വിഷ്ണുവിന്റെ ജീവൻ നിലനിറുത്തുന്നത്. നിത്യജീവിതത്തിന് വകയില്ലാതെ വലയുന്ന സുരേന്ദ്രൻ നായരും കുടുംബവും ബന്ധുക്കളുടെയും നാട്ടുകാരുടെയും കാരുണ്യത്തിലാണ് ഇന്ന് ജീവിക്കുന്നത്.
വിഷ്ണുവിന് ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തണം. കിഡ്നി മാറ്റിവയ്ക്കൽ മാത്രമേ പരിഹാരമുള്ളു എന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് ഭാരിച്ച പണച്ചെലവും കിഡ്നി നൽകാൻ ആളും വേണമെന്ന് അറിഞ്ഞതോടെ ഈ കുടുംബം മാനസികമായും തകർന്നിരിക്കുകയാണ്. ഏക സഹോദരി വിദ്യയും ഭർത്താവും സഹായത്തിനുണ്ടെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി നോക്കുന്ന സഹോദരി ഭർത്താവും എന്ത് ചെയ്യണമെന്നറിയാത്ത നിൽക്കുകയാണ്. ഈ സാഹചര്യങ്ങൾ മനസിലാക്കി നാട്ടുകാർ വിഷ്ണുവിന്റെ ചികിത്സാ ചെലവിനായി സുമനസുകളുടെ സഹായം തേടുകയാണ്. അതിനായി അവർ ആറ്റിങ്ങൽ ഐ.ഒ.ബി ബാങ്കിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSE CODE- IOBA0000780. അക്കൗണ്ട് നമ്പർ: 078001000016758. ഫോൺ. 9562341600