ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും (പോക്സോ ആക്ട് ), നിലവിൽ വന്നിട്ട് ഏഴുവർഷം പിന്നിടുന്നു. ഇപ്പോഴും ആക്ട് അനുശാസിക്കുന്ന പ്രകാരമുള്ള മതിയായ കോടതികൾ സംസ്ഥാനത്ത് നിലവിലില്ലെന്നുള്ളതാണ് പരമാർത്ഥം. പോക്സോ ആക്ട് 2012, വകുപ്പ് 28 പ്രകാരം എല്ലാ ജില്ലകളിലും അതിവേഗം കേസുകൾ തീർപ്പാക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഒഫീഷ്യൽ ഗസറ്റിൽ നോട്ടിഫൈ ചെയ്ത്, ഒരു സെഷൻസ് കോടതിയെ പ്രത്യേക കോടതിയായി എല്ലാ ജില്ലകളിലും പരിഗണിക്കേണ്ടതുണ്ട്.
സമയനഷ്ടം കൂടാതെയുള്ള വിചാരണയ്ക്ക് പോക്സോ ആക്ട് 35-ാം വകുപ്പ് പ്രകാരം പ്രത്യേക കോടതി, കുറ്റം നടപടിക്ക് എടുത്ത് 30 ദിവസത്തിനകം, കുട്ടിയുടെ തെളിവ് രേഖപ്പെടുത്തേണ്ടതും വിചാരണയ്ക്ക് എടുക്കുന്ന തീയതി മുതൽ ഒരുവർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും നിഷ്കർഷിക്കുന്നു. എന്നാൽ കേസുകളുടെ ബാഹുല്യം നിമിത്തം കുറ്റകൃത്യം നടന്ന് വർഷങ്ങൾ കഴിയുമ്പോഴാണ് വിചാരണ നടക്കുന്നത്. ഇത് വിചാരണയുടെ തീർപ്പിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകമാണ്. ഉദാഹരണത്തിന് 16, 17 വയസുള്ള ഒരു കുട്ടിയാണ് പീഡനത്തിന് വിധേയമാകുന്നതെങ്കിൽ, 6-7 വർഷം കഴിയുമ്പോൾ 23-24 വയസ് പ്രായമാകും. ഒരുപക്ഷേ കുടുംബിനിയും ആയിക്കഴിഞ്ഞിരിക്കും. ഇൗ സമയത്ത് വിചാരണയ്ക്ക് പോലും വരാൻ അവർ വിമുഖത കാണിക്കും. ചിലപ്പോൾ ഭർത്താവുപോലുമറിയാതെ കോടതിയിൽ വരേണ്ടതായും വരും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാനസിക സംഘർഷങ്ങളും, സമ്മർദ്ദങ്ങളും മറ്റു കാരണങ്ങൾ കൊണ്ടും, ഇര, വിചാരണയ്ക്ക് വന്നാൽത്തന്നെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയെന്നു വരില്ല.
ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും പോക്സോ ആക്ട് പ്രകാരമുള്ള കേസുകൾ മാത്രം വിചാരണ നടത്തുന്നതിന് കോടതികൾ നിലവിലില്ലാത്തതും പോക്സോ ആക്ട് പ്രകാരമുള്ള കേസുകൾ വിചാരണ ചെയ്യുന്ന കോടതിയിൽ തന്നെ, സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയും നടന്നുവരുന്നതായി കാണാം. വിചാരണ, കൃത്യം നടന്ന് ആക്ട് അനുശാസിക്കുന്ന പ്രകാരം ഒരു വർഷത്തിനകം തീർപ്പാക്കണമെങ്കിൽ അതിനാവശ്യമായ കോടതികളും ഉദ്യോഗസ്ഥരും കൂടുതലായി ഉണ്ടാകണം.
കേരളത്തിൽ 14 ജില്ലകളിലും 14 സ്പെഷ്യൽ കോടതികൾ (പോക്സോ ആക്ട് കേസുകൾ മാത്രം വിചാരണ ചെയ്യുന്നതിന് ) എങ്കിലും സ്ഥാപിക്കേണ്ടതുണ്ട്. വിചാരണയ്ക്ക് കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് ഇരയെ സ്വാധീനിക്കാനുള്ള സാദ്ധ്യത കൂടിവരുന്നതും കേസുകളിൽ പ്രതികൾ കുറ്റവിമുക്തരായി തീരുന്നതും. പോക്സോ ആക്ട് നിലവിൽ വന്നിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും ആക്ട് അനുശാസിക്കുന്ന പ്രകാരമുള്ള സൗഹൃദ കോടതികളും ഇരയായ കുട്ടിയും പ്രതിയും പരസ്പരം കാണാൻ കഴിയാത്ത വിധത്തിലുള്ള കോടതി സംവിധാനം നിലവിലില്ലാത്തതും ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്. ആക്ട് അനുശാസിക്കുന്ന പ്രകാരമുള്ള പോക്സോ കേസുകളുടെ വിചാരണകൾ നിരീക്ഷിക്കേണ്ടത്, കുട്ടികളുടെ അവകാശ സംരക്ഷണ കമ്മിഷനുകൾ നിലവിലുള്ളതും, ഈ കമ്മിഷനുകൾ മുഖേന, കാലാകാലങ്ങളിലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിച്ച്, വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി കാര്യക്ഷമമാക്കേണ്ടതുണ്ട്.
പോക്സോ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥർക്കും സ്പെഷ്യൽ പ്രോസിക്യൂട്ടർമാർക്കും, പ്രത്യേക പരിശീലനം നൽകി കേസന്വേഷണവും വിചാരണയും കുറ്റമറ്റതാണെന്ന് പ്രോസിക്യൂഷൻ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കേസിന്റെ വിചാരണ സമയത്ത് പ്രതിഭാഗത്ത് നിന്നും സ്വീകരിക്കാൻ സാദ്ധ്യതയുള്ള എല്ലാ തർക്കങ്ങളെയും തരണം ചെയ്യാൻ കഴിയുന്ന മുൻകരുതലുകളും അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ട്, ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട്, ഡി.എൻ.എ റിപ്പോർട്ട് മുതലായവ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. പോക്സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കുട്ടികളുടെ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസത്തെ അത്യന്തം ഗുരുതരമായി ബാധിക്കുന്ന കാര്യങ്ങളായതിനാൽ ഇക്കാര്യത്തിൽ എല്ലാ അനുബന്ധ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആത്മാർത്ഥമായ കൂട്ടായ പ്രവർത്തനം ഉണ്ടാകേണ്ടതുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പോക്സോ അനുശാസിക്കുന്ന പ്രകാരമുള്ള പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിന് സർക്കാർ തലത്തിൽ അടിയന്തര നടപടി ഉണ്ടാകേണ്ടതുണ്ട്.
അഡ്വ. കോവളം സി. സുരേഷ് ചന്ദ്രകുമാർ
മുൻ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ
പോക്സോ. തിരുവനന്തപുരം.