shibu

വർക്കല: സൗദിയിൽ നിന്ന് ലീവിന് നാട്ടിലെത്തിയ യുവാവിന്റെ ദുരൂഹമരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഡി.ജി.പിക്ക് പരാതി നൽകി. പാളയംകുന്ന് വേങ്കോട് കല്ലുവിളവീട്ടിൽ ചന്ദ്രികയാണ് മകൻ ഷിബുശശിധരന്റെ (30) മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. ചന്ദ്രികയുടെ രണ്ട് ആൺമക്കളിൽ ഇളയവനാണ് ഷിബു. ഷിബുവിന്റെ മൂന്നാം വയസിൽ അച്ഛൻ ഉപേക്ഷിച്ചുപോയി. രണ്ട് വർഷം മുമ്പ് ജോലിതേടി സൗദിയിൽ പോയി. നാലുമാസത്തെ ലീവിന് നാട്ടിലെത്തിയ ഷിബുവിനെ ഏപ്രിൽ 14ന് രാവിലെ കോവൂർ കണ്ണങ്കര പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ പുറത്തായിരുന്നു ഷിബു ഓടിച്ചിരുന്ന ബൈക്ക്. കഴുത്തിനു മുകളിൽ തലയിലും മുഖത്തും ക്ഷതമേറ്റ പാടുകൾ ഉണ്ടായിരുന്നു. തലേന്ന് ഉച്ചയ്ക്ക് ഒരു കൂട്ടുകാരനൊപ്പം വീട്ടിൽ നിന്നു പോയ ഷിബു രാത്രി 8 ന് അമ്മയെ വിളിച്ചു ചോറെടുത്തു വയ്ക്കാൻ പറഞ്ഞതാണ്. പിന്നീട് തിരികെ വിളിച്ചപ്പോഴൊക്കെ ഫോൺ ഓഫായിരുന്നു. ചോറുമായി മകനെ കാത്തിരുന്ന അമ്മയ്ക്ക് പിറ്റേന്ന് രാവിലെ മകന്റെ മരണവാർത്തയാണ് അറിയാനായത്. തലേന്ന് വൈകിട്ട് കോവൂർ ലക്ഷംവീട് കോളനിയിൽ ഷിബുവും കൂട്ടുകാരനും മറ്റു രണ്ടുപേരുമായി കയ്യാങ്കളിയുണ്ടായതായി പറയുന്നു. അതു കഴിഞ്ഞുപോയ മകനാണ് മരിച്ച നിലയിൽ കാണാനിടയായതെന്ന് ചന്ദ്രിക ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ലോക്കൽ പൊലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ചിനു നൽകണമെന്നും പരാതിയിലുണ്ട്.