നെയ്യാറ്റിൻകര:മാലിന്യം കൊണ്ട് തള്ളി മലിനമായ നെയ്യാറ്റിൻകര റോഡരുകിലെ പാതയോരത്ത് ഇനി മാലിക്കൂമ്പാരത്തിലെ ദുർഗന്ധത്തിന് പകരം ഇനി മലർവാടിയിലെ പൂമണം നുകരാം. നെയ്യാറ്റിൻകര ടൗണിലെ മാലിന്യകൂമ്പാരത്തിന് പകരം ഈ സ്ഥലത്തെല്ലാം ഇനി ചെറുപൂന്തോട്ടങ്ങൾ നാട്ടുകാരെ മാടിവിളിക്കും. മൈസൂർ നഗരമോഡലിൽ ഇനി നെയ്യാറ്റിൻകരയും പൂന്തോട്ടങ്ങളുടെ നഗരമായി മാറും.ടൗണിനെ അടിമുടി നറുമണം പുതപ്പിക്കുന്ന ഈ നൂതന പരിവർത്തനത്തിന്പിന്നിൽ നെയ്യാറ്റിൻകര വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റിന്റെ ചിന്തയാണ്. മാലിന്യത്തെയും സമൂഹമനസ്ഥിതിയെയും പഴിച്ച് സമയം കളയുവാൻ ഇനി ഇവർ തയ്യാറല്ല. പാതവക്കിലെ മാലിന്യം തള്ളലിന് പരിഹാരവുമായി വ്യാപാരികൾ മുന്നിട്ടിറങ്ങുകയാണ്. വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ ക്ലീൻ നഗരം, ഗ്രീൻ നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യംതള്ളുന്നിടത്ത് പൂന്തോട്ടം ഒരുക്കും.
പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. വൈസ് ചെയർമാൻ കെ.കെ.ഷിബു പുഷ്പത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വ്യാപാരി-വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ വി.ഹരികുമാർ, മഞ്ചവിളാകം ജയൻ, ആന്റണി അലൻ, ശ്രീധരൻനായർ, സതീഷ്ശങ്കർ, സോമശേഖരൻനായർ എന്നിവർ സംസാരിച്ചു.
വ്യാപാരി-വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിലുടനീളം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. ഈ കാമറകളുടെ സഹായത്തോടെ പാതവക്കിൽ മാലിന്യം തള്ളുന്നവരെ നഗരസഭ കണ്ടെത്തും. തുടർന്നാണ് പിഴ ഈടാക്കുക.ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ലീൻ, ഗ്രീൻ നഗരം പദ്ധതി നടപ്പിലാക്കുന്നത്.
മൈസൂരിൽ പൂന്തോട്ടങ്ങളല്ലാതെ മാലിന്യം എങ്ങുമില്ല. പകരം മാലിന്യം നിക്ഷേപിക്കാൻ മൂന്നു തരം കാരിബാഗുകൾ റോഡരുകിൽ വച്ചിട്ടുണ്ട്.
പച്ചയിൽ ജൈവം.നീലയിൽ പ്ലാസ്ടിക്.ചുവപ്പിൽ എക്സ്പ്ലോസീവ്. ഇങ്ങനെ തരം തിരിച്ച ബാഗുകളിൽ നാട്ടുകാർക്ക് മാലിന്യം കൊണ്ടിടാം.നഗരസഭ അത് മാറ്റിക്കൊള്ളും.