തിരുവനന്തപുരം: ഗവർണറുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ പി.എസ്.സി ചെയർമാനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11ഓടെ ഗവർണറെ കാണാൻ പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ രാജ്ഭവനിലെത്തിയപ്പോഴായിരുന്നു സംഭവം. ചെയർമാൻ രാജ്ഭവനുള്ളിൽ പ്രവേശിച്ചതിന് ശേഷമായിരുന്നു അഞ്ച് യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്. യൂണിവേഴ്സി​റ്റി കോളേജിലെ വധശ്രമ കേസിലെ പ്രതികൾക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് ലഭിച്ച സംഭവത്തിൽ പി.എസ്.സി ചെയർമാൻ രാജിവയ്ക്കണമെന്നും പി.എസ്.സി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രൻ, സെക്രട്ടറി ആർ.ബി രാകേന്ദു, ജില്ലാ കൺവീനർ മഞ്ജിത്ത് സി.ജി, ആര്യ സതീഷ്, വിനീത എന്നിവരെ മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.