തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും ചെലവ് കുറഞ്ഞതും ഏറ്റവും അത്യാധുനികവുമായ ചാന്ദ്രദൗത്യമാണിത്. വിജയിച്ചാൽ അത് ശാസ്ത്രലോകത്ത് അദ്ഭുതമായിരിക്കും. അമേരിക്കയ്ക്ക് 2500 ദശലക്ഷം ഡോളറും റഷ്യയ്ക്ക് 2000 ദശലക്ഷം ഡോളറും ചൈനയ്ക്ക് 840 ദശലക്ഷം ഡോളറുമാണ് ചാന്ദ്രയാത്രയ്ക്ക് ചെലവായത്. എന്നാൽ ഇന്ത്യ ഇത് സാദ്ധ്യമാക്കുന്നത് കേവലം 140 ദശലക്ഷം ഡോളറിലാണ്. ചെലവ് കുറയ്ക്കാനുള്ള ഭഗീരഥശ്രമം മൂലമാണ് ചന്ദ്രനിലെത്താൻ ഇത്രയേറെ സമയമെടുക്കുന്നതും. 1969 ൽ നാസ അപ്പോളോ 11 നെ ചന്ദ്രനിലെത്തിച്ചത് അഞ്ച് ദിവസങ്ങൾ മാത്രമെടുത്താണ്. അതിന് അന്ന് ചെലവായ തുക 20,000 കോടി രൂപയാണ്. ഇന്ത്യ ഇപ്പോൾ ചെലവാക്കുന്നത് കേവലം 978 കോടി രൂപ മാത്രം.