കിളിമാനൂർ: തട്ടത്തുമല ബഡ്സ് സ്‌കൂളിന് മുന്നിൽ നിന്ന ഈട്ടിമരത്തിന്റെ തടി കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സി.പി.എം വാർഡ് മെമ്പറും ചെമ്പകശേരി അഭിജിത്ത് ഭവനിൽ ഷിബു (52), ചെമ്പകശേരി കുന്നിൽ വീട്ടിൽ വിനോദ് (36) എന്നിവരെയാണ് കിളിമാനൂർ പൊലിസ് നിലമേലിൽ നിന്ന് പിടികൂടിയത്. തട്ടത്തുമല ബഡ്സ് സ്‌കൂളിന് സമീപം പുതിയ മന്ദിരം നിർമ്മിക്കാനിരിക്കുന്ന വസ്‌തുവിൽ നിന്ന ഈട്ടിമരമാണ് ഇവർ കടത്തിയത്. 2017ൽ മരം മഴയത്ത് വീണെന്നും തടി ബഡ്സ് സ്‌കൂളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് തടി പിക്കപ്പ് വാനിൽ മില്ലിലേക്ക് കടത്തിയത്. കടത്തിയ തടി മില്ലിൽ കൊണ്ടുപോയി ഉരുപ്പടികളാക്കുകയും ചെ‌യ്‌തിരുന്നു. ഈ വിവരം നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു. തടി കടത്തിക്കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് പുതുതായി ചാർജെടുത്ത സെക്രട്ടറി തടി മോഷണം പോയതായി പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയ ദിവസം രാത്രി തടിയുടെ കുറച്ച് ഭാഗങ്ങൾ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ കണ്ടെത്തി. സംഭവം വിവാദമായതോടെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. കടത്തിയ തടി മില്ലിലേക്ക് കൊണ്ടുപോയ ചെമ്പകശേരി സ്വദേശി വിനോദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യലിൽ വാർഡ് മെമ്പറുടെ നിർദ്ദേശത്തെ തുടർന്നാണ് തടി മില്ലിലേക്ക് കൊണ്ടുപോയതെന്ന് മൊഴി നൽകിയത്. എന്നാൽ തൊണ്ടിമുതൽ തട്ടത്തുമലയിൽ ഒരു വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് രഹസ്യവിവരം ലഭിച്ചു. വ്യാഴാഴ്ച തട്ടത്തുമലയിലെ വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് തടി ഉരുപ്പടികൾ മാറ്റിയെന്ന സൂചന ലഭിച്ചതോടെ പഞ്ചായത്തംഗത്തിന്റെ ചെമ്പകശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും ബാക്കി തടി ഉരുപ്പടികൾ കണ്ടെത്തുകയായിരുന്നു. ഇവ ആൾതാമസമില്ലാത്ത വീടിന്റെ ഇറയത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ബഡ്സ് സ്‌കൂളിലെ തടിയാണെന്നും, മഴ നനയാതെ ഇവിടെ സൂക്ഷിക്കണമെന്നും പഞ്ചായത്തംഗം വിളിച്ചുപറഞ്ഞതായി വീട്ടുടമ പറഞ്ഞിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ കഴിഞ്ഞ ദിവസം രാവിലെ നിലമേലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിലെത്തിച്ച പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.