തിരുവനന്തപുരം : ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ അപ്പുറമുള്ള ചന്ദ്രൻ, അവിടേക്ക് 978 കോടി രൂപ മുടക്കിയൊരു യാത്ര! ചന്ദ്രന്റെ രഹസ്യങ്ങളൊപ്പാനുള്ള ഈ യാത്രയിൽ ഇന്ത്യയ്‌ക്ക് എന്തൊക്കെ കിട്ടും? ശാസ്ത്രലോകം പ്രതീക്ഷയുമായി കാത്തിരിക്കുകയാണ്. ഉടൻ ചന്ദ്രനിൽ പോയി താമസിക്കാനോ സ്വർണമോ പ്ലാറ്റിനമോ ധാതുക്കളോ കൊണ്ടുവരാനോ കഴിയില്ലെങ്കിലും ഭാവിയിൽ ചാന്ദ്രദൗത്യം ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ തലവര മാറ്റിയെഴുതും.
'ഐ.എസ്.ആർ.ഒ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റുകൾ വികസിപ്പിച്ചു തുടങ്ങിയപ്പോൾ മൊബൈൽ ഫോൺ - എ.ടി.എം പ്രവർത്തനം, കൃത്യതയുള്ള കാലാവസ്ഥാ പ്രവചനം, ധാതുസമ്പത്തുകളും കടൽസമ്പത്തും കണ്ടെത്തൽ ഇവയൊന്നും ഇന്നത്തെ രീതിയിലാവുമെന്ന് ആരും കരുതിയിരുന്നില്ല. പിന്നീട് ഈ നേട്ടങ്ങളെല്ലാം നമ്മൾ കൈയടക്കി. ചന്ദ്രയാനിലും ഇതു സംഭവിക്കും. ഭാവിയിൽ എത്രമാത്രം പ്രയോജനമാണുണ്ടാവുകയെന്ന് പ്രവചനാതീതമാണ്" - ചന്ദ്രയാൻ 1, മംഗൾയാൻ അടക്കമുള്ള ദൗത്യങ്ങൾക്ക് നേതൃത്വം വഹിച്ച പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി.എസ്.എസ്.സി മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി. ദത്തൻ 'കേരളകൗമുദി"യോട് പറഞ്ഞു.
ഐ.എസ്.ആർ.ഒയുടെ ഗവേഷണങ്ങളായ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്, ജി.പി.എസ്, ടെലിമെഡിസിൻ, കാലാവസ്ഥാപ്രവചനം എന്നിവയ്ക്കെല്ലാം മുകളിലായിരിക്കും ചന്ദ്രയാന്റെ നേട്ടങ്ങൾ. സ്‌പേസ് ടെക്നോളജിയിൽ നമ്മൾ പടവുകളോരോന്നായി കയറുകയാണ്. അന്യഗ്രഹങ്ങളിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ, ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങുന്ന രാജ്യമാവും നമ്മൾ. അവിടത്തെ ജലത്തിന്റെ അളവ് കണ്ടെത്തണം. സാമ്പിളുകൾ പരിശോധിച്ച് കോപ്പർ, സിൽവർ, ഗോൾഡ് അയിരുകളുണ്ടാവാം. എത്രത്തോളമുണ്ടെന്ന് മനസിലാക്കിയാൽ അടുത്തഘട്ടത്തിൽ ഭൂമിയിലേക്ക് കൊണ്ടുവരാം.
റഷ്യയുടെ ചതി
ചന്ദ്രനിൽ സോഫ്ട്ലാൻഡിംഗ് നടത്തുന്ന ലാൻഡർ നിർമ്മിക്കാൻ റഷ്യയെയാണ് ആദ്യം ആശ്രയിച്ചത്. അവർ വൻതുക ആവശ്യപ്പെട്ടു. ലാൻഡറുണ്ടാക്കി ചന്ദ്രനിലെ പഠനം അവർ നടത്തും. ഇന്ത്യയുടെ ഒരു ഉപകരണവും കൊണ്ടുപോവില്ല. ഒരു ഗവേഷണഫലവും നൽകില്ല. നമ്മുടെ മാർക്ക് - 3 റോക്കറ്റ് മാത്രം മതി. നമ്മുടെ ചെലവിൽ അവർക്ക് ഗവേഷണം നടത്താനുള്ള തന്ത്രമായിരുന്നു. റഷ്യയുമായി സഹകരണം വേണ്ടെന്നും ലാൻഡർ സ്വയം വികസിപ്പിച്ചെടുക്കാമെന്നും സാങ്കേതികവിദ്യ പഠിക്കാമെന്നും നമ്മൾ തീരുമാനിച്ചു. അതാണ് ദൗത്യം ഇത്രയും നീണ്ടുപോയത് - ദത്തൻ വെളിപ്പെടുത്തി.
തേടുന്നത് ഹീലിയം 3
ആണവോർജോത്പാദനത്തിന് ആവശ്യമായ ഹീലിയം - 3 ചന്ദ്രോപരിതലത്തിൽ എത്രത്തോളമുണ്ടെന്ന് ചന്ദ്രയാനിൽ പഠിക്കും. വർഷങ്ങളോളം ഭൂമിയിലെ എല്ലാ ഊർജാവശ്യവും തീർക്കാനുള്ളത്ര ഹീലിയം ചന്ദ്രനിലുണ്ടെന്നാണ് നിഗമനം. ഇത് 10 ലക്ഷം മെട്രിക് ടണ്ണോളം വരും. ടണ്ണിന് 500 കോടിയാണ് മൂല്യം. ന്യൂക്ലിയാർ ഫ്യൂഷൻ റിയാക്ടറുകളിൽ ഊർജോത്പാദനത്തിനാണ് ഹീലിയം - 3 വേണ്ടത്. ചന്ദ്രനിൽ നിന്ന് ഹീലിയം ഭൂമിയിലെത്തിക്കലും ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കലും ഐ.എസ്.ആർ.ഒയുടെ ഭാവിദൗത്യങ്ങളാവും.
'ഭാവിയിൽ ഏറെ ഉപകാരപ്പെടുന്നതാവും ചന്ദ്രയാൻ. ചൈന, അമേരിക്ക, റഷ്യ എന്നിവയ്ക്കൊപ്പം സാങ്കേതികവിദ്യയിൽ നമ്മൾ വളർന്നുകൊണ്ടിരിക്കുകയാണ്. അതാണ് ചന്ദ്രയാന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്".
- എം.സി. ദത്തൻ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്