chandrayan

തിരുവനന്തപുരം: ചന്ദ്രയാൻ- 2വിന്റെ തുടക്കം വൻ വിജയമായെന്നും ഇനി അവശേഷിക്കുന്നത് ചന്ദ്രയാനെ ലക്ഷ്യത്തിലെത്തിക്കുന്ന ബൃഹദ് ദൗത്യമാണെന്നും വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ് പറഞ്ഞു. ചെലവുകുറഞ്ഞ പദ്ധതികളിലൂടെ ഇന്ത്യയുടെ ശാസ്ത്ര അറിവും കഴിവും ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ് ചന്ദ്രയാന്റെ അടിസ്ഥാന നേട്ടം. റഷ്യയും അമേരിക്കയും ചെെനയുമെല്ലാം ഈ ദൗത്യം നടത്തിയിട്ടുണ്ടെങ്കിലും അതിലൂടെ ലഭിക്കുന്ന എല്ലാ അറിവുകളും നാം അടക്കമുള്ള ലോകരാജ്യങ്ങൾക്ക് ലഭ്യമല്ല. നമുക്ക് പ്രയോജനകരമായ അറിവുകൾ നാം തന്നെ കണ്ടെത്തേണ്ടതുണ്ട്. ചന്ദ്രയാൻ ദൗത്യവുമായി ഇന്ത്യയും ഐ.എസ്.ആർ.ഒയും മുന്നിട്ടിറങ്ങുന്നത് ഇൗ ലക്ഷ്യം മുൻനിറുത്തിയാണ്.

 ചെലവാകുന്നത് കുറഞ്ഞ ഇന്ധനം

ഭൂമിയുടെ ഗുരുത്വാകർഷണം ഭേദിക്കാതെ ഭൂമിയുടെ ഗുരുത്വാകാർഷണ ശക്തി ഉപയോഗിച്ച് കുറഞ്ഞ ഇന്ധനം മാത്രം ചെലവാക്കി ചന്ദ്രനിൽ എത്തുന്ന നമ്മുടേത് മാത്രമായ ഒരു സാങ്കേതിക വിദ്യയാണ് ദൗത്യത്തിൽ ഉപയോഗിക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണം നിലനിറുത്തികൊണ്ട് അതിന്റെ ശക്തി പടിപടിയായി കുറച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഇറങ്ങുന്നതാണിത്. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന കാലയളവിൽ അഞ്ച് തവണ ഭ്രമണപഥം ഉയർത്തുന്നതിന് മാത്രമാണ് ഇന്ധനം ചെലവാക്കുക. ഇതിനിടയിൽ ഭൂമിയിൽ നിന്ന് 10000 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഭൂമിയുടെ കാന്തിക വലയം ശക്തമായി ബാധിക്കുന്ന ചില പോയന്റുകളുണ്ട്. അത് പേടകത്തിലെ വൈദ്യുതി സംവിധാനത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഈ വെല്ലുവിളി മുന്നിൽകണ്ടുള്ള സംവിധാനങ്ങൾ പേടകത്തിലൊരുക്കിയിട്ടുണ്ട്.

 ചുറ്റി ചുറ്റി വലുതാകും

23 ദിവസത്തെ ഭൂമിയിലെ ഭ്രമണത്തിനിടയിൽ ആറോ ഏഴോ തവണയാണ് ചന്ദ്രയാൻ പേടകം ഭൂമിയെ ചുറ്റുക. തുടക്കത്തിൽ ദിവസത്തിൽ ഒരുതവണ എന്ന തോതിലാണെങ്കിലും പിന്നീട് ഭ്രമണപഥം വലുതാക്കുന്നതോടെ ഒരുതവണ ഭൂമിയെ ചുറ്റാൻ അഞ്ച് ദിവസത്തിലേറെ എടുക്കും. ഭൂമിയുടെ ആകർഷണപരിധിയിൽ നിന്ന് കൊണ്ടുതന്നെയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. ഭൂമിയിൽ നിന്ന് 3.8ലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രൻ. ചന്ദ്രനോട് 60000 കിലോമീറ്റർ അടുത്തെത്തുമ്പോഴാണ് പേടകം ചന്ദ്രന്റെ ആകർഷണവലയത്തിലാകുക.

 തലമുറകളെ ഉത്തേജിപ്പിക്കും

സെപ്തംബർ 7 ന് പുലർച്ചെ മുതലാണ് ചന്ദ്രനിലെ പകൽ തുടങ്ങുക. അതുകൊണ്ടാണ് ആദിവസം തന്നെ അവിടെ എത്താനുള്ള തീരുമാനമെടുത്തത്. സോളാർ പാനലുകൾ പ്രവർത്തിക്കാനാവശ്യമായ ഉൗർജ്ജം കണ്ടെത്താനും ഗവേഷണ പദ്ധതികൾ 14 ദിവസം തടസമില്ലാതെ നടത്താനും ഇത് സഹായിക്കും.

ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കും ജി.പി.എസ് പോലുള്ള ഗതിനിർണയ സംവിധാനങ്ങൾക്കും ചന്ദ്രനിലെ സ്റ്റേഷൻ സഹായകരമാകും. ഇതെല്ലാം രാജ്യത്തിന്റെ ദീർഘകാല താത്പര്യവും ലക്ഷ്യവുമാണ്.

ശാസ്ത്രമേഖലയിൽ പുതുതലമുറയ്ക്ക് കൂടുതൽ താത്പര്യം ജനിപ്പിക്കാൻ ഇത് ഗുണപ്രദമാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ശാസ്ത്രാഭിമുഖ്യമുള്ള, അറിവുള്ള ഒരു തലമുറയാണ് രാജ്യത്തിന്റെ സമ്പത്ത്.