1

നേമം: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാം ഘട്ടമായ പ്രാവച്ചമ്പലം - കൊടിനട ഭാഗത്തെ നിർമ്മാണം നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി. നിർമ്മാണപ്രവർത്തനം നടക്കുന്ന വെടിവച്ചാൻകോവിൽ മുതൽ പള്ളിച്ചൽ വരെയുള്ള ഭാഗങ്ങളിൽ റോഡിന് ഇരുവശങ്ങളിലും താമസിക്കുന്നവർ ആഴ്ചകളായി റോഡിലിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. റോഡ് ലെവലിംഗ് നടത്തുന്നതിനായി ഇരുവശത്തും വീതി കൂട്ടി സൈഡ് ഭിത്തി വാർത്തതോടെ ചില സ്ഥലങ്ങളിൽ വീടുകളും കച്ചവടസ്ഥാപനങ്ങളും റോഡ് നിരപ്പിൽ നിന്നും ഏറെ ഉയരത്തിലാവുകയും മറ്റ് ചിലയിടത്ത് താഴ്ചയിലാവുകയും ചെയ്തു. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് 30 ഒാളം കുടുംബങ്ങളാണ്. അയണിമൂട് മുതൽ വെടിവച്ചാൻകോവിൽ വരെ റോഡിന് ഒരു വശത്ത് താമസിക്കുന്നവർ റോഡ് നിരപ്പിൽ നിന്നു ഏറെ മുകളിലായി. പള്ളിച്ചൽ ജംഗ്ഷന് സമീപം റോഡിന്റെ ഒരു വശത്ത് താമസിക്കുന്നവർ റോഡ് നിരപ്പിൽ നിന്നു 13 അടിയോളം താഴ്ചയിലായി. വയോധികരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. ഇതിൽ പലർക്കും ആശുപത്രിയിൽ പോകാനോ മറ്റ് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാനോ കഴിയുന്നില്ല. കയറ്റിറക്കമുണ്ടായിരുന്ന റോഡ് സമനിരപ്പിലാക്കാൻ നടത്തിയ നിർമ്മാണ പ്രവർത്തനമാണ് പ്രദേശങ്ങളിലെ ജനജീവിതം ദുസഹമായി തീരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. പല വീടുകളിലും വാഹനങ്ങൾ പുറത്തിറക്കാൻ കഴിയുന്നില്ല. പുറത്തിറങ്ങാൻ കഴിയാത്ത പല കുടുംബങ്ങളും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.