തിരുവനന്തപുരം: കത്തിക്കുത്തിനെ തുടർന്ന് പത്ത് ദിവസമായി അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുത്തൻ പ്രതീക്ഷ നൽകി ഇന്നലെ തുറന്നു. ഷീൽഡും ലാത്തിയുമൊക്കെയായി നിന്ന പൊലീസുകാർക്കിടയിലൂടെ കാമ്പസിലെത്തിയ വിദ്യാർത്ഥികളെ പ്രവേശനോത്സവം ഒരുക്കി, അക്രമരാഷ്ട്രീയത്തിന് അവധി നൽകണമെന്ന സന്ദേശം നൽകി അദ്ധ്യാപകർ സ്വീകരിച്ചു.
രാവിലെ 9.30 മുതലാണ് പ്രവർത്തന സമയമെങ്കിലും നേരത്തേയെത്താൻ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് പലരും നേരത്തേ എത്തി. കോളേജ് ഗേറ്റിന് പുറത്ത് അസി. കമ്മിഷണർ, രണ്ട് സി.ഐമാർ, 30 പൊലീസുകാർ എന്നിവരടങ്ങിയ സംഘമാണ് നിലകൊണ്ടത്. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമേ അകത്തേക്ക് കടത്തിവിട്ടുള്ളൂ.
വിദ്യാർത്ഥികളെ പുതിയ പ്രിൻസിപ്പൽ ഡോ. സി.സി. ബാബു അഭിസംബോധന ചെയ്തു. സമാധാനപരമായി കോളേജ് നടത്തിക്കൊണ്ട് പോകാൻ എല്ലാവരുടെയും സഹായവും സഹകരണവും പ്രിൻസിപ്പൽ അഭ്യർത്ഥിച്ചു. തുടർന്ന് സമാധാനാന്തരീക്ഷത്തിൽ ക്ലാസുകൾ നടന്നു.
കോളേജിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പലിന്റെ അനുമതി വേണമെന്ന കോളേജ് കൗൺസിലിന്റെ നിർദ്ദേശം നടപ്പാക്കുമെന്ന് ഡോ. സി.സി. ബാബു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കാമ്പസിലെ രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും മാറ്റിയിട്ടുണ്ട്. എന്നാൽ, കൊടിമരങ്ങളും ഇതിനോട് ചേർന്നുള്ള മണ്ഡപങ്ങളും മാറ്റിയിട്ടില്ല.
ആവേശം ചോരാതെ...
സ്വന്തം പ്രവർത്തകനെ കുത്തി വീഴ്ത്തിയ സംഭവമുണ്ടായിട്ടും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ സംഘടിത ശക്തിക്ക് നേരിയ പോറൽ പോലും ഏറ്റിട്ടില്ലെന്നതിന് തെളിവായി ഇന്നലെ സംഘടന സംഘടിപ്പിച്ച രജനി എസ്. ആനന്ദ് രക്തസാക്ഷി ദിനാചരണം. ഉച്ചയോടെ കാമ്പസിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.