തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ മാർച്ച് കഴിഞ്ഞ് സമാധാനപരമായി മടങ്ങിയ വനിതാപ്രവർത്തകരെ ഉൾപ്പെടെ പൊലീസ് അറസ്റ്റുചെയ്‌തെന്ന് ആരോപിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് മാർച്ചിന് ശേഷം പ്രവർത്തകർ പ്രസ്ക്ലബിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന വാഹനത്തിൽ കയറാനെത്തിയപ്പോഴായിരുന്നു പൊലീസുകാർ അറസ്റ്റുചെയ്യാനെത്തിയത്. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതകളെ ഉൾപ്പെടെ പൊലീസ് ബലമായി അറസ്റ്റുചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ആറ്റിപ്ര അനിലും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് എം.പി സംസാരിച്ചെങ്കിലും അറസ്റ്റിൽ നിന്നും പൊലീസ് പിന്മാറിയില്ല. ഇതോടെ ഡീൻ പൊലീസ് വാനിന്റെ പടിയിലും പ്രവർത്തകർ റോഡിലും കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്‌ത് എ.ആർ ക്യാമ്പിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചു.