തിരുവനന്തപുരം: രാജ്യം മുഴുവൻ പ്രാർത്ഥനയോടെ നിന്ന മുഹൂർത്തത്തിൽ ചന്ദ്രനെ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് ഇന്നലെ ശുഭകരമായ തുടക്കം. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചന്ദ്രയാൻ 2 പേടകവുമായി ജി.എസ്.എൽ.വി മാർക്ക് 3 എം.1 റോക്കറ്റ് ഇന്നലെ ഉച്ചയ്ക്ക് 2.43ന് വിജയകരമായി കുതിച്ചുയർന്നു. ലക്ഷ്യം തെറ്റാത്ത കുതിപ്പ് 16.20 മിനിട്ടിൽ ചന്ദ്രയാൻ 2 പേടകത്തെ 170 കിലോമീറ്റർ ഉയരത്തിലും 39,059 കിലോമീറ്റർ വലിപ്പത്തിലുമുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. ജൂലായ് 15ന് പുലർച്ചെ 2.51ന് നടത്താനിരുന്ന വിക്ഷേപണം അവസാന നിമിഷം സാങ്കേതിക പിഴവിനാൽ മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കുമൊടുവിൽ കൃത്യതയാർന്ന രീതിയിലാണ് ഐ.എസ്.ആർ.ഒയുടെ ശാസ്ത്രജ്ഞർ വിക്ഷേപണം വിജയകരമായി നിർവഹിച്ചത്. ശാസ്ത്രജ്ഞരെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉൾപ്പെടെ വിവിധ രാഷ്ട്രീയസാമൂഹ്യ മേഖലയിലെ പ്രമുഖരെല്ലാം അഭിനന്ദിച്ചു.
48 ദിവസത്തെ നീണ്ട ശൂന്യാകാശ പ്രയാണം നടത്തി അടുത്ത മാസം 7ന് പുലർച്ചെയാണ് ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക. അതിൽനിന്ന് പുറത്തിറങ്ങുന്ന ലാൻഡർ ചന്ദ്രനിൽ നിലയുറപ്പിക്കും. ലാൻഡറിൽ സൂക്ഷിച്ചിട്ടുള്ള പ്രജ്ഞാൻ റോവർ പുറത്തിറങ്ങി ചന്ദ്രനിലൂടെ നടന്ന് നീങ്ങും. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രവും ഐ.എസ്.ആർ.ഒയുടെ ശാസ്ത്രമുദ്രയും പതിയും. ഇതാദ്യമായാണ് ഭൂമിയിൽ നിന്നുള്ള ഒരു വാഹനം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്നത്. ചന്ദ്രദൗത്യം വിജയിക്കുന്നതോടെ അമേരിക്ക, റഷ്യ, ചെെന തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നിൽ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. വൈകിട്ട് 3.01 ഒാടെ ചന്ദ്രയാൻ പേടകത്തിന്റെ നിയന്ത്രണം ബാംഗ്ളൂർ ഹാസനിലെ ബയ്യാലാലുവിലെ ഉപഗ്രഹനിയന്ത്രണ കേന്ദ്രം ഏറ്രെടുത്തു. യാത്രയുടെ തുടർനിയന്ത്രണം ഇവർക്കാണ്. അധികം ഇന്ധനം ചെലവാക്കാതെ ഭൂമിയുടെ ഗുരുത്വാകർഷണത്തെ തള്ളിക്കൊണ്ട് സഞ്ചരിക്കുന്ന പദ്ധതിയാണ് ചന്ദ്രയാൻ 2ന് ഉള്ളത്.
യാത്രാരേഖ
ജൂലായ് 22 : ചന്ദ്രയാൻ 2 വിക്ഷേപണം
ആഗസ്റ്റ് 14: ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണം അവസാനിപ്പിക്കും
ആഗസ്റ്റ് 21: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.
സെപ്തംബർ 6: ചന്ദ്രഉപരിതലത്തിന് 100 കിലോമീറ്റർ അടുത്തെത്തും.
സെപ്തംബർ 7: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും
ചന്ദ്രയാൻ 2
ഭാരം :3800 കിലോഗ്രാം
ആയുസ് : ഒരുവർഷം
ലക്ഷ്യം
ചന്ദ്രനിലെ ധാതുസാന്നിദ്ധ്യം, ഉപരിതലത്തിലെ താപനില, മൂലകങ്ങളുടെ സ്വഭാവം തുടങ്ങിയവയും ജലസാന്നിദ്ധ്യവും പഠിക്കുക.